നരിനടയിൽ വിധവയായ വീട്ടമ്മയുടെ വീട് തകർന്നു
1415740
Thursday, April 11, 2024 5:16 AM IST
നരിനട: ലൈഫ് ഭവന നിർമാണ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരുന്ന വിധവയായ വീട്ടമ്മയുടെ വീട് തകർന്നു. ചക്കിട്ടപാറ പഞ്ചായത്ത് ഒമ്പതാം വാർഡിലെ വീട്ടമ്മയായ വാഴപ്പള്ളി അമ്മിണിയും, സഹോദരിയും സഹോദരിയുടെ ഹൃദ്രോഗിയായ മകളും മകനും താമസിച്ചുവരുന്ന ഓട് മേഞ്ഞതും കട്ടപ്പുരയിൽ നിർമിച്ചതുമായ വീടാണ് കഴിഞ്ഞദിവസം ഇടിഞ്ഞു തകർന്നത്.
മൂന്നുവർഷം മുമ്പ് ലൈഫ് ഭവന നിർമാണ പദ്ധതിയിൽ വീടിന് അനുമതി ലഭിക്കുകയും വീടിന് തറ നിർമിക്കുകയും ചെയ്തു. എന്നാൽ തുടർ നിർമാണ പ്രവർത്തിക്കാവശ്യമായ ഫണ്ട് ലഭിക്കാതെ വർഷങ്ങളായി കാത്തിരിക്കുകയാണെന്ന് വീട്ടമ്മ പറയുന്നു.
വീടിന് സമീപത്തെ ഷെഡിലാണ് ഇപ്പോൾ കുടുംബം കഴിയുന്നത്. വീടില്ലാതെ ദുരിതത്തിലായ തങ്ങളുടെ കുടുംബത്തിന് അടിയന്തരമായി വീട് നിർമിക്കാൻ നടപടി വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, വാർഡ് മെമ്പർ ബിന്ദു സജി, വാർഡ് കൺവീനർ റിജു രാഘവൻ എന്നിവർ സ്ഥലത്തെത്തി.
കുടുംബത്തിന് താമസിക്കാനായി വീടിനായി നിർമിച്ച തറയിൽ താത്ക്കാലികമായി ഒരു മുറിയും ടോയ്ലെറ്റും മറ്റും അടുത്ത ദിവസം നിർമിക്കാൻ നടപടി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് തീരുമാനിച്ചതായി വാർഡ് മെമ്പർ ബിന്ദു സജി അറിയിച്ചു.