കൊടിയത്തൂർ അങ്ങാടിയിൽ ഗതാഗത കുരുക്കും അപകടവും തുടർക്കഥയാവുന്നു
1415736
Thursday, April 11, 2024 5:16 AM IST
മുക്കം: കൊടിയത്തൂര്‍ അങ്ങാടിയില്‍ റോഡ് പ്രവൃത്തിയുടെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നതോടെ അപകടങ്ങളും ഗതാഗത കുരുക്കും പതിവാകുന്നു. റോഡിന്റെ രണ്ടു ഭാഗവും കിടങ്ങായതിനാൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. ഉപഭോക്താക്കൾ റോഡിലാണ് വണ്ടികൾ നിർത്തുന്നത്.
റോഡിന്റെ പകുതി ഭാഗവും വാഹനങ്ങള്‍ കയ്യടക്കിയ നിലയിലാണ്. അത് കൊണ്ട് ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ ഏറെനേരം ഗതാഗത തടസം അനുഭവപ്പെടുന്നു. അതോടൊപ്പം ഫുട്പാത്തിൽ ഇന്റർലോക്ക് കട്ടകൾ ഇറക്കി വച്ച് വഴിയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു.
സൈഡിലെ ഗട്ടറിലേക്ക് ടൂവീലറുകൾ മറിഞ്ഞ് വീണ് സ്ത്രീകളും കുട്ടികളും നിത്യേനെയെന്നോണം അപകടത്തിൽ പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഫോൺ സർവീസ് സെന്ററിൽ നിന്ന് പുറത്തു കടന്ന മധ്യവയസ്കന് ഗട്ടറിൽ വീണ് സാരമായ പരിക്ക് പറ്റുകയുണ്ടായി. ഉറുമ്പരിക്കുന്ന രൂപത്തിലാണ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ പണി.
ജനങ്ങൾ ഇടപഴകുന്ന അങ്ങാടിയുടെ ജോലി പെട്ടെന്ന് പൂർത്തീകരിക്കുവാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ചെവി കൊടുക്കാൻ അവർ സന്നദ്ധമായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ നിസംഗതക്കെതിരേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.