കല്ലാച്ചിയിൽ സംസ്ഥാന പാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
1415546
Wednesday, April 10, 2024 5:30 AM IST
നാദാപുരം: കല്ലാച്ചി ടൗണിലെ സ്വകാര്യ ബാങ്കിന് സമീപം സംസ്ഥാന പാതയോരത്തെ ഓവുചാലിൽ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വീടിനു മുന്നിലെ ഓവുചാലിൽ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടത്.
സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ വാഹനം സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വാഹനം കൃത്യമായി കണ്ടെത്തുന്നതിന് ടൗണിൽ പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറ റെക്കോർഡ് ഫൂട്ടേജുകൾ പരിശോധിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി പോലീസ് അധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്. നിയമപരമായ അംഗീകാരമോ, ലൈസൻസോ ഇല്ലാത്ത ഏജൻസികളാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നതായി കണ്ടുവരുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബു, ആശാവർക്കർ പി. രജിഷ എന്നിവരാണ് മാലിന്യം തള്ളിയ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചത്.