പരിസ്ഥിതി ലോല പ്രദേശം: ചക്കിട്ടപാറ പഞ്ചായത്ത് 25നകം അഭിപ്രായം അറിയിക്കും
1415544
Wednesday, April 10, 2024 5:30 AM IST
ചക്കിട്ടപാറ: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം (ഇഎസ്എ) നിശ്ചയിക്കുന്നതിന് കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് കെ. സുനിൽ വിഷയം അവതരിപ്പിച്ചു. അംഗങ്ങളായ സി.കെ. ശശി, കെ.എ. ജോസുകുട്ടി, ജിതേഷ് മുതുകാട് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ സി.കെ. ശശി, ബിന്ദുവത്സൻ, കെ.എ. ജോസുകുട്ടി എന്നിവർ അംഗങ്ങളായി ഉപസമിതിക്ക് രൂപം നൽകി. കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ കരട് റിപ്പോർട്ട് ചക്കിട്ടപാറ പഞ്ചായത്ത് മേഖലകളെ എങ്ങനെ ബാധിക്കുമെന്നു പഠിക്കുകയും കാര്യങ്ങൾ സ്വരൂപിക്കുകയുമാണു ഉപസമിതിയുടെ ചുമതല.
25ന് മുമ്പ് പഞ്ചായത്ത് ഭരണസമിതിയുടെ അഭിപ്രായം സർക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഭരണ സമിതി അംഗങ്ങളായ എം.എം. പ്രദീപൻ, ലൈസ ജോർജ്, ആലീസ് പുതിയേടത്ത്, രാജേഷ് തറവട്ടത്ത്, ബിന്ദു സജി, ഇ.എം. ശ്രീജിത്ത്, വിനീത മനോജ്, വിനീഷ ദിനേശൻ, അസി. സെക്രട്ടറി സീന എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതല്‍ മേഖല ഇഎസ്എ പരിധിയില്‍ ഉള്‍പ്പെട്ടത് ചക്കിട്ടപാറ വില്ലേജിലാണ്. വില്ലേജിലെ 79.50 ശതമാനവും (ആകെയുള്ള 113 ച.കി.മീറ്ററിൽ 89.88 ച.കി.മീറ്റർ) ചെമ്പനോട വില്ലേജില്‍ 65.197 ശതമാനവും (ആകെയുള്ള 50.14 ച. കി.മീറ്ററില്‍ 32.69 ച.കി.മീറ്റർ) ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് കരട് റിപ്പോര്‍ട്ട് പറയുന്നത്.
ജില്ലാതല സൂക്ഷ്മ പരിശോധന സമിതികൾ തയാറാക്കി നൽകിയ വിവരം ക്രോഡീകരിച്ച് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടർ ലഭ്യമാക്കിയ കരട് റിപ്പോർട്ടിൽ അഭിപ്രായമറിയിക്കാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചിട്ടുള്ളത്.