ഫണ്ട് പാസാക്കിയില്ല: തിരുവമ്പാടി ട്രഷറി ഓഫീസിനു മുമ്പിൽ യുഡിഎഫ് ജനപ്രതിനിധികൾ പ്രതിഷേധിച്ചു
1415542
Wednesday, April 10, 2024 5:30 AM IST
താമരശേരി: മാർച്ച് 25ന് സമർപ്പിച്ച ബില്ലുകൾ ഉൾപ്പെടെ പാസാക്കാതെ തിരിച്ചയച്ചതിൽ ഓമശേരി പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികൾ തിരുവമ്പാടി ട്രഷറി ഓഫീസിനു മുമ്പിൽ പ്രതിഷേധിച്ചു.
ഭവന പുനരുദ്ധാരണത്തിനുള്ള അതിദരിദ്രർ, ആശ്രയ, പട്ടിക ജാതി, ജനറൽ വിഭാഗങ്ങളുടേതുൾപ്പെടെയുള്ള ഭൂരിഭാഗം ബില്ലുകളും തിരിച്ചയച്ചിരിക്കുകയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. പട്ടിക ജാതി വിഭാഗത്തിനുള്ള വിവാഹ ധനസഹായം, പട്ടിക വർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്, ലൈഫ് ഭവന പദ്ധതിയുടെ വിഹിതം തുടങ്ങിയവയും തിരിച്ചയച്ചവയിൽ ഉൾപ്പെടും.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരൻ, വൈസ് പ്രസിഡന്റ് ഫാത്തിമ അബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, അംഗങ്ങളായ പി. അബ്ദുൾ നാസർ, എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എം. ഷീജ ബാബു, അശോകൻ പുനത്തിൽ എന്നിവർ നേതൃത്വം നൽകി.