ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് തടവും പിഴയും
1396312
Thursday, February 29, 2024 4:34 AM IST
കൊയിലാണ്ടി: ആർഎസ്എസ് പ്രവർത്തകരെ കക്കോടിയിൽ വച്ച് ആക്രമിച്ച കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് തടവും പിഴയും. കമലക്കുന്നിലെ ഷാജി, വിനോദ് എന്നീ ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച കമലക്കുന്നിൽ ഷിബുലാൽ, വിഷ്ണു പ്രസാദ്, ഷിജു, ഷാലു, ശരത്, അർജുൻ, മനോജ്, പുരുഷോത്തമൻ എന്നിവരെയാണ് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്. അജി കൃഷ്ണൻ ശിക്ഷിച്ചത്.
വിവിധ വകുപ്പുകൾ പ്രകാരം 23 മാസം തടവിനു പുറമെ ഓരോ പ്രതികളും 16500 രൂപ പിഴ അടയ്ക്കുകയും വേണം. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി കൊയിലാണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പി.സി.ജവാദ് ഹാജരായി. എലത്തൂർ എസ്ഐ എസ്. അനീഷാണ് കുറ്റപത്രം സമർപ്പിച്ചത്.
ആർഎസ്എസ് പ്രവർത്തകരായ കമല കുന്നിൽ ഷാജി, വിനോദ് എന്നിവർക്കെതിരേ കമല കുന്നിൽ ഉണ്ണിക്കൃഷ്ണൻ, ഭാര്യ ഷീജ എന്നിവർ നൽകിയ കേസ് കോടതി തള്ളി. ഈ കേസിൽ ആർഎസ്എസ് പ്രവർത്തകർക്ക് വേണ്ടി അഡ്വ. അജീഷ് നന്പ്യാക്കൽ ഹാജരായി. 2016 ഏപ്രിൽ 22നാണ് കേസിനാസ്പദമായ സംഭവം. എട്ട് പ്രതികൾ ചേർന്ന് ഇരുന്പ് പൈപ്പ്, വടികൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നായിരുന്നു കേസ്.