ആതുരസേവനം ഗ്രാമങ്ങളിലേക്കെത്തിക്കാൻ പേരാന്പ്രയിൽ "ഭിഷഗ്വര' പദ്ധതി
1396307
Thursday, February 29, 2024 4:34 AM IST
പേരാന്പ്ര: ചികിത്സാ രംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി പേരാന്പ്ര ഗ്രാമ പഞ്ചായത്ത്. ആതുര സേവനം ഗ്രാമങ്ങളിലേക്ക് എന്ന ലക്ഷ്യവുമായി "ഭിഷഗ്വര' എന്ന പേരിലാണ് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനവും ആവശ്യമായ പ്രാഥമിക മരുന്നുകളും ലാബ് സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്താതെ, പ്രാദേശിക തലത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതുവഴി സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.ആഴ്ചയിൽ ഒരു ദിവസമായിരിക്കും കേന്ദ്രത്തിൽ പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ സേവനം ലഭ്യമാവുക. പേരാന്പ്ര ഗ്രാമപഞ്ചായത്തിലെ സബ് സെന്ററുകളായ എരവട്ടൂർ, ചേനായി, കണ്ണിപ്പൊയിൽ, മരുതേരി എന്നിവിടങ്ങൾക്ക് പുറമേ കോടേരിച്ചാലിലുമാണ് പ്രാഥമികമായി ഭിഷഗ്വര പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. പേരാന്പ്ര വി.വി. ദക്ഷിണാമൂർത്തി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ജില്ലാ പഞ്ചായത്ത് മെന്പർ സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ കെ.കെ.ലിസി, പി.ടി.അഷറഫ്, ഗ്രാമപഞ്ചായത്ത് മെന്പർമാരായ കെ. പ്രിയേഷ്, ശ്രീലജ പുതിയെടുത്ത്,
മിനി പൊൻപറ, വിനോദ് തിരുവോത്ത്, കെ.കെ. പ്രേമൻ, പി.ജോന, സിഡിഎസ് ചെയർപേഴ്സണ് ജിജി, പി.ബാലൻ അടിയോടി, ഡോ. വിനോദ്, അജീഷ് കല്ലോട്, വ്യാപാരി നേതാക്കളായ ബി.എം. മുഹമ്മദ്, സി.എം. അഹമ്മദ് കോയ, താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ കെ. ഗോപാലകൃഷ്ണൻ, പേരാന്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.നിഷാന്ത് എന്നിവർ സംസാരിച്ചു.