കോൺഗ്രസ് ഭരിക്കുന്ന മുക്കം സഹകരണ ബാങ്കിൽ വിജിലൻസ് ഹിയറിംഗ് നടത്തി
1394964
Friday, February 23, 2024 7:47 AM IST
മുക്കം: കോൺഗ്രസ് ഭരിക്കുന്ന മുക്കം സർവീസ് സഹകരണ ബാങ്കിൽ വിജിലൻസ് ഹിയറിംഗ് നടത്തി. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ ബാങ്ക് ഡയറക്ടറുമായ എൻ.പി. ഷംസുദ്ദീൻ നൽകിയ പൊതുതാൽപര്യ ഹരജിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനുള്ള കോടതിവിധി പ്രകാരമാണ് വിജിലൻസ് ഹിയറിംഗ് നടത്തിയത്.
മുക്കം സഹകരണ ബാങ്കിൽ നിലവിൽ ഉണ്ടായിരുന്നതും ജെആർ ഉത്തരവിന്റെ അടിസ്ഥാത്തിൽ 2023 ജൂലായ് ഏഴാം തീയതി പുറത്താക്കപ്പെട്ടതുമായ യുഡിഎഫ് ഭരണസമിതി 16 അനധികൃത നിയമനങ്ങൾ നടത്തി എന്നതാണ് പൊതുതാൽപര്യ ഹർജിയിലെ പ്രധാന ആരോപണം.
ബാങ്ക് ഹെഡ് ഓഫീസിലേക്ക് 13 അംഗ യുഡിഎഫ് ഭരണസമിതിയെയും പരാതിക്കാരനായ ഷംസുദ്ദീനെയും വിളിച്ചു വരുത്തിയാണ് ഹിയറിംഗ് നടത്തിയത്. കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സിഐ സന്ദീപ്, എഎസ്ഐ അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ഹിയറിംഗ് നടത്തിയത്.
എന്നാൽ എന്തിനാണ് തങ്ങളെ വിളിച്ചുവരുത്തിയതെന്ന് അറിയില്ലായിരുന്നുവെന്നും രേഖാമൂലം നോട്ടീസ് ഉൾപ്പെടെ തരാതെ വാട്സ്ആപ്പ് സന്ദേശം മാത്രമാണ് വിജിലൻസ് ഉദ്യോഗസ്ഥർ തങ്ങൾക്ക് നൽകിയതെന്നും ബാങ്ക് ഡയറക്ടർമാർ പറഞ്ഞു.
ബാങ്കിന്റെ കെട്ടിട നിർമാണത്തിലെ അഴിമതി ചൂണ്ടികാട്ടി 2013 -2018 കാലഘട്ടത്തിലെ ഭരണസമിതിയിലെ കോൺഗ്രസ് അംഗം റുബീന, മുസ്ലിംലീഗ് അംഗം ഖമറുദീൻ എന്നിവർ വിജിലൻസിന് നൽകിയ പരാതിയിൽ അന്നത്തെ ഭരണസമിതിയേയും വിജിലൻസ് ഹിയറിംഗിനായി വിളിച്ചിരുന്നു. എന്നാൽ ആരും പങ്കെടുത്തില്ല.
ഇതോടെ രാവിലെ 11ന് ആരംഭിച്ച ഹിയറിംഗ് ഉച്ചയ്ക്ക് രണ്ടോടെ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. നിലവിലെ ഭരണസമിതിയെ 2023 ജൂലായ് ഏഴാം തിയതി വിവിധ ക്രമക്കേടുകൾ ചൂണ്ടികാട്ടി ജെആർ മരവിപ്പിച്ചതോടെ ഇപ്പോൾ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്.