പയ്യോളിയില്‍ നിയന്ത്രണംവിട്ട ലോറി പിക്കപ്പില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
1394431
Wednesday, February 21, 2024 4:45 AM IST
പയ്യോളി: നിയന്ത്രണംവിട്ട ലോറി പിക്കപ്പില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പിക്കപ്പ് ഡ്രൈവര്‍മാരായ ഷിജിത്ത് കക്കോടി, അഖിലേഷ് നന്മണ്ടഎന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ ദേശീയപാതയില്‍ പയ്യോളി രണ്ടാം ഗേറ്റിന് സമീപത്താണ് അപകടം.
മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന മത്സ്യം കയറ്റിവന്ന ലോറി എതിര്‍ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്ക് കറി പൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്നു പിക്കപ്പ്.
വാനിലുള്ളവർ റോഡരികില്‍ വണ്ടി നിര്‍ത്തി ലോഡ് അടുക്കിവയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിക്കപ്പിന്റെ മുന്‍വശം പാടേ തകര്‍ന്നു.
മത്സ്യം കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. പയ്യോളി എസ്ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.