ആധുനിക സൗകര്യങ്ങളോടെ കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറി
1394249
Tuesday, February 20, 2024 7:32 AM IST
താമരശേരി: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ "ഝരിക' സ്കൂൾ ലൈബ്രറി ശ്രദ്ധേയമായി. അറുപത്തയ്യായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണ് ഈ ലൈബ്രറിയിലുള്ളത്. ഇതോടൊപ്പം സയൻസ് ലാബ് " റീസണൻസ്' നവീകരിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് ലൈബ്രറി- ലാബ് നവീകരണം പൂർത്തിയായത്.
ഇതിനായി ആക്രി ചലഞ്ച്, ബിരിയാണി ചലഞ്ച്, പുഷ്പ- ഫലവൃക്ഷ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം അമ്പതിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുന്ന ഇരിപ്പിട സൗകര്യങ്ങൾ ലൈബ്രറിയിലുണ്ട്. ലൈബ്രറി ഉദ്ഘാടന വേദിയിൽ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ബി. ഗൗരി എഴുതിയ "രാവിന്റെ പ്രണയിനി' ഉൾപ്പെടെ അന്‍പതിലധികം കവിതകളുടെ പ്രകാശനവും നടന്നു. സയൻസ് ലാബിൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.