വെങ്ങോളി പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
1394241
Tuesday, February 20, 2024 7:32 AM IST
കോഴിക്കോട്: മൂന്ന് പഞ്ചായത്തുകളെയും മുന്ന് നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന എടച്ചേരി വെങ്ങോളി പാലം യാഥാർഥ്യമായി. വടകര മാഹി കനാലിനു കുറുകെ നിർമിച്ച പാലം ഏറാമല പഞ്ചായത്തിലെ കാർത്തികപ്പള്ളിയെയും പുറമേരി, എടച്ചേരി പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇടതു കരയിൽ വടകര മണ്ഡലവും വലതുകരയിൽ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുമാണ് ഉൾപ്പെടുന്നത്.
പുതിയ പാലം പൂർത്തിയായതോടെ എടച്ചേരി, പുറമേരി നാദാപുരം ഭാഗങ്ങളിലുള്ളവർക്ക് വടകര, വില്ല്യാപ്പള്ളി ഭാഗങ്ങളിലേക്കും തിരിച്ചും വളരെ എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഒരു മാർഗമാണ് ഇതോടെ യാഥാർഥ്യമായിരിക്കുന്നത്. പാലവും അപ്രോച്ച് റോഡും രണ്ട് അണ്ടർ പാസുകളും ഉൾപ്പെടെയുള്ള പ്രവൃത്തിക്ക് 17.26 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നാടിന് സമർപ്പിക്കും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളാവും. എംഎൽഎ ഇ.കെ. വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.മുരളീധരൻ എംപി, എംഎൽഎമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.കെ. രമ എന്നിവർ സംബന്ധിക്കും.