സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിൽ വൻ കുതിച്ചു ചാട്ടമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
1393679
Sunday, February 18, 2024 4:40 AM IST
കോഴിക്കോട്: സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യുഎൽ സൈബർ പാർക്കിൽ സംഘടിപ്പിച്ച നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ നാട്ടിൽ ഒന്നും നന്നാവില്ലെന്ന കാലത്ത് നിന്നും ഇവിടെയും സാധ്യമാണ് എന്ന സാഹചര്യത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു. അതിന്റെ ഭാഗമാണ് സർക്കാർ ആരംഭിച്ച സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ.
ഒരു കൊല്ലം 96000 സംരംഭങ്ങൾ ഉണ്ടാകുമെന്ന് കരുതിയിടത്ത് ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടായി. ഇത് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വൻ മാറ്റങ്ങൾ വരുത്തുകയും സമ്പദ്ഘടനക്ക് ശക്തി പകരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. വാക്കറു ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഐ. ഗിരീഷ് വിഷയാവതരണം നടത്തി.