നാല് കോടി ചെലവ്: കോഴിക്കോട് നഗരത്തിലെ ഫുഡ് സ്ട്രീറ്റ് പത്ത് മാസത്തിനകം പൂര്‍ത്തിയാക്കും
1393673
Sunday, February 18, 2024 4:40 AM IST
കോഴിക്കോട്: കോഴിക്കോടിന്റെ പരമ്പരാഗത രുചി ഒരു കുടക്കീഴില് എത്തിക്കുന്ന ബീച്ചിലെ ഫുഡ് സ്ട്രീറ്റ് പദ്ധതി പത്ത് മാസത്തിനകം പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ ഈമാസം 26നകം തീരുമാനിക്കും.
കോർപറേഷൻ ഓഫിസിനു മുൻവശത്തെ ബീച്ചിലാണ് ഭക്ഷണ തെരുവ് ഒരുക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും, ദേശീയ നഗര ഉപജീവന മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് കോടിയോളം ചെലവ് വരുന്നതാണ് പദ്ധതി.
കോർപറേഷൻ വജ്ര ജൂബിലി വാർഷികത്തിന്റെ ഭാഗമായി ഏറ്റെടുത്ത പദ്ധതിക്ക് 26-ന് മന്ത്രി എം.ബി.രാജേഷ് തറക്കല്ലിടും. ആധുനിക രീതിയിലുള്ള ഭക്ഷണ വിൽപന കേന്ദ്രങ്ങളുടെ മാതൃകയിൽ തെരുവു കച്ചവടത്തെ ഉയർത്തി കൊണ്ടു വരികയാണ് ലക്ഷ്യമിടുന്നത്.
ആരോഗ്യകരമായ ചുറ്റുപാടിൽ നല്ല ഭക്ഷണം വിളമ്പുന്നുണ്ടെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പും ദേശീയ നഗര ഉപജീവന മിഷനും ഉറപ്പാക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് കോർപറേഷൻ ബീച്ചിൽ ഒരുക്കുക. ശുദ്ധജലം, മലിനജല സംസ്കരണം എന്നിവയും ഉറപ്പാക്കും.
ഇതിന്റെ ഭാഗമായി 90 തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിച്ച് പുതിയ കാർട്ടുകൾ അവർക്കായി സജ്ജമാക്കും. ബേപ്പൂർ ബീച്ചിൽ വിനോദ സഞ്ചാര വകുപ്പിന്റെ പദ്ധതിയായ പുതിയ ഫുഡ് കോർട്ടും ഈ വർഷം തന്നെ യാഥാർഥ്യമാകും.
ഇതിനു പുറമേ കസ്റ്റംസ് റോഡ്, കാളൂർ റോഡ്, ഭട്ട് റോഡ് എന്നീ മേഖലകളിൽ പുതിയ ഭക്ഷണത്തെരുവുകളും ഈ വർഷം യാഥാർഥ്യമാകും.ഇതിനെല്ലൊം കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കോഴിക്കോടന്‍ രുചി നുണയാന്‍ ഇതരജില്ലക്കാരും എത്തുമെന്നാണ് പ്രതീക്ഷ.