കൂരാച്ചുണ്ട് പഞ്ചായത്തിലെ കാട്ടാന ശല്യം: മന്ത്രിയെ നേരിൽ കാണും
1393459
Saturday, February 17, 2024 5:28 AM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ വർധിച്ചു വരുന്ന കാട്ടാന ശല്യത്തിനെതിരേ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കക്കയത്ത് കർഷകരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
ഈ വിഷയത്തിൽ അടിയന്തമായി സർക്കാർ ഇടപെട്ട് കാട്ടാനകളെ വനത്തിനുള്ളിൽ സംരക്ഷിക്കുന്നതിനും പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാകാതിരിക്കുന്നതിനും വനാതിർത്തികളിൽ ഫെൻസിംഗ് അടിയന്തരമായി സ്ഥാപിക്കണമെന്നും ഈ മേഖലകളിൽ കൂടുതൽ വാച്ചർമാരെ ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ വിഷയങ്ങൾ വനംമന്ത്രിയെ നേരിൽകണ്ട് അറിയിക്കുമെന്നും അടിയന്തര പ്രാധാന്യത്തോടു കൂടി പരിഹരിക്കണമെന്ന് ആവശ്യപ്പെടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു. കക്കയത്ത് ജാഗ്രത സ്ക്വാഡ് രൂപീകരിച്ചു. ഈന്തുങ്ങൽ കടവ്, ദശരഥൻകടവ് തുടങ്ങിയ സ്ഥലങ്ങളിൽ പടക്കം പൊട്ടിച്ചും തീ കത്തിച്ചും ആനകളെ പ്രതിരോധിക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡാർളി ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, ജെസി കരിമ്പനക്കൽ, ജോസ് പറപ്പള്ളി, ബേബി തേക്കാനം, തോമസ് വെളിയംകുളം, ചാക്കോച്ചൻ വല്ലയിൽ, റെൻസൺ കിഴക്കുംപുറം, ബിബിൻ മലേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.