‘കക്കയം -മുതുകാട് -പെരുവണ്ണാമൂഴി റോഡ് യാഥാർഥ്യമാക്കാൻ ഇടപെടും’
1377710
Tuesday, December 12, 2023 1:18 AM IST
കൂരാച്ചുണ്ട്: മലബാറിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം, പെരുവണ്ണാമൂഴി എന്നിവയെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന കക്കയം - മുതുകാട് - പെരുവണ്ണാമൂഴി റോഡ് യാഥാർഥ്യമാകുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്ന് എം.കെ.രാഘവൻ എംപി അറിയിച്ചു. കക്കയം റോഡ് സന്ദർശിച്ച ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്. നിർമാണ പ്രവൃത്തി നിലച്ചുകിടക്കുന്ന കക്കയം - മുതുകാട് - പെരുവണ്ണാമൂഴി റോഡ് ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ്.
റോഡ് യാഥാർഥ്യമായാൽ ബാലുശേരി -പേരാന്പ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം കക്കയത്തു നിന്നും എളുപ്പമാർഗം പേരാന്പ്രയിലെത്താൻ കഴിയും. റോഡ് കടന്നുപോകുന്ന വനംവകുപ്പിന്റെ അധീനതയിലുള്ള മേഖലയിലെ 600 മീറ്റർ ദൂരം റോഡിന് അനുമതി ലഭിക്കാത്തതാണ് നിലവിലുള്ള തടസം. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പഞ്ചായത്തംഗങ്ങളായ ഒ.കെ.അമ്മദ്, ഡാർളി ഏബ്രഹാം, സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, ബേബി തേക്കാനം, ജോണ്സണ് കക്കയം, ആൻഡ്രൂസ് കട്ടിക്കാന, കുര്യൻ ചെന്പനാനി എന്നിവരും എംപിയോടൊപ്പമുണ്ടായിരുന്നു.