ഒന്പപത് വർഷം കൊണ്ട് രാജ്യത്ത് ഉണ്ടായത് സമഗ്ര വികസനം : കേന്ദ്രമന്ത്രി
1377320
Sunday, December 10, 2023 3:28 AM IST
കൊയിലാണ്ടി: കഴിഞ്ഞ ഒന്പത് വർഷം കൊണ്ട് കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കിയത് സ്വാതന്ത്ര്യാനന്തരം അറുപതു വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത സമഗ്ര വികസനം ആണെന്ന് കേന്ദ്ര സഹമന്ത്രി ബി.എൽ. വർമ.
തിരുവങ്ങൂരിൽ നടന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പാവപെട്ടവർക്ക് വരെ സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ സഹായിച്ച ജൻ ധൻ യോജന ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.
മുദ്ര യോജന, ആവാസ് യോജന, ഉജ്ജ്വല യോജന, തുടങ്ങി നിരവധി പദ്ധതികളിലൂടെ രാജ്യത്തുടനീളം വികസനം എത്തിയിരിക്കുന്നു. കേരളത്തിലും കേന്ദ്രസർക്കാരിന്റെ ഇത്തരം വികസന പ്രവർത്തനങ്ങൾ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
32,000 പാവപെട്ട കുടുംബങ്ങൾക്ക് കേരളത്തിൽ പി.എം. ആവാസ് യോജന വഴി വീട് ലഭിച്ചു.അതുപോലെ 36 ലക്ഷം വീടുകളിൽ കേരളത്തിൽ ജൽ ജീവൻ മിഷൻ വഴി ശുദ്ധജലം എത്താൻ ഉള്ള സൗകര്യം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉജ്ജ്വല യോജന പദ്ധതി പ്രകാരം ചേമഞ്ചേരി പഞ്ചായത്തിലെ ഗുണഭോക്താകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി നൽകി. ചേമഞ്ചേരി പഞ്ചായത്തിലെ കർഷകരെ ചടങ്ങിൽ ആദരിച്ചു.
കർഷകർക്കായി കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂര സംവിധാനം വഴി ഗുണഭോക്താക്കളുമായി സംവദിച്ചു. ചടങ്ങിൽ കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ടോംസ് വർഗീസ് അധ്യക്ഷത വഹിച്ചു.