അഴിഞ്ഞിലം മേൽപാലം അനുബന്ധ റോഡ് നിർമാണം മെല്ലെപ്പോക്കില്‍
1377318
Sunday, December 10, 2023 3:28 AM IST
കോഴിക്കോട്: തൊണ്ടയാട് -രാമനാട്ടുകര ബൈപാസ് ആറുവരിയാക്കുന്ന പ്രവൃത്തിയില്‍ അഴിഞ്ഞിലം മേൽപാലം അനുബന്ധ റോഡ് നിർമാണം മെല്ലെപ്പോക്കില്‍.
റോഡിനായി അഴിഞ്ഞിലം ഭാരത് ബെൻസ് പരിസരം മുതൽ അറപ്പുഴ പാലം വരെ മണ്ണിട്ട് ഉയർത്തേണ്ടതുണ്ട്. റോഡിന്റെ ഒരു വശത്ത് മണ്ണിട്ടു ഉയർത്തിയെങ്കിലും മറുഭാഗം പാതി വഴിയിലാണ്. മണ്ണ് ലഭിക്കുന്നതിലെ കാലതാമസമാണ് പ്രവൃത്തി ഇഴയാന്‍ കാരണം. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു മണ്ണ് എത്തിച്ചായിരുന്നു റോഡ് നിർമിച്ചു കൊണ്ടിരുന്നത്.
നേരത്തേ മണ്ണ് എടുത്തിരുന്ന പ്രദേശങ്ങളിൽ നാട്ടുകാരുടെ എതിർപ്പിൽ ഖനനം മുടങ്ങിയതാണ് ബൈപാസ് നിർമാണത്തെ ബാധിച്ചത്. 200 മീറ്റർ നീളവും 27 മീറ്റർ വീതിയിലുമാണ് അഴിഞ്ഞിലം ജംക്ഷനിൽ മേൽപാലം റോഡ് നിർമിക്കുന്നത്. ഇതിൽ ഒരു സ്പാനിൽ 30 മീറ്റർ നീളത്തിലാണ് പാലം. രണ്ടു തൂണുകളുടെയും പ്രവൃത്തി പൂർത്തിയായതോടെ അഞ്ച് ഗർഡറുകൾ സ്ഥാപിച്ചു കോൺക്രീറ്റ് നടത്തി. എന്നാൽ സമയബന്ധിതമായി അനുബന്ധ റോഡ് പണിയാൻ സാധിച്ചില്ല. തൊണ്ടയാട് ബൈപാസില്‍ നിന്നും മലപ്പുറം കാരാട് ഭാഗത്തേക്കും എതിര്‍വശത്ത് ഫറൂഖ് കോളജിലേക്കും തിരിയുന്ന ഭാഗത്താണ് അനുബന്ധ റോഡ് വരുന്നത്.