മൂന്ന് മീറ്റർ റോഡ്; നാല് ക്വാറികൾ, ഒരു ക്രഷർ യൂണിറ്റ്: 20 വർഷമായി ദുരിതം സഹിച്ച് നിരവധി കുടുംബങ്ങൾ
1377312
Sunday, December 10, 2023 3:28 AM IST
മുക്കം: കാരശേരി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ആദംപടി-തോണിച്ചാൽ-മോലിക്കാവ് റോഡരികിൽ താമസിക്കുന്ന നൂറോളം വരുന്ന കുടുംബങ്ങളുടെ ദുരിതത്തിന് ഇരുപത് വർഷത്തെ പഴക്കമുണ്ട്.
പ്രദേശത്തെ ക്വാറികളും ക്രഷറുമാണ് നൂറിലധികം കുടുംബങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നത്. നാല് ക്വാറികളും ഒരു ക്രഷറും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കുള്ള നൂറുകണക്കിന് ടിപ്പർ ലോറികളടക്കമുള്ള വാഹനങ്ങൾ നിരന്തരം കടന്നുപോവുന്നത് മൂന്നു മീറ്ററിൽ താഴെ മാത്രം വീതിയുള്ള റോഡിലൂടെയാണ്. പ്രദേശത്തെ മദ്രസകളിലേക്കും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള വിദ്യാർഥികൾ പോകുന്ന ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരം ഏറെ അപകടഭീഷണിയാണുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള പൊടിശല്യം കാരണമുള്ള ദുരിതവും ഏറെയാണ്.
കഴിഞ്ഞ ഇരുപതു വർഷമായി തങ്ങൾ ഈ ദുരിതം അനുഭവിച്ചു വരികയാണെന്നും, പഞ്ചായത്ത്, ജിയോളജി വകുപ്പ്, ജില്ലാ കളക്ടർ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ തങ്ങൾക്കു എവിടെ നിന്നും നീതി ലഭിച്ചിട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതിനു പുറമെ ക്വാറികളിൽ നിരന്തരം സ്ഫോടനങ്ങൾ നടക്കുന്നതിനാൽ പ്രദേശത്തെ വീടുകൾക്കു വിള്ളലുകൾ സംഭവിക്കുന്നത് പതിവാണെന്നും ഇവർ പറയുന്നു. പ്രശ്നത്തിന് ഇനിയും അധികൃതർ പരിഹാരം കണ്ടില്ലെങ്കിൽ ക്വാറികൾക്ക് സമീപം കുടിൽ കെട്ടി അനിശ്ചിതകാല സത്യഗ്രഹം നടത്താനാണ് ഇവരുടെ തീരുമാനം. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഇർഷാദ്, ഗഫൂർ, മുഹമ്മദലി എടക്കണ്ടി, സഫ്വാൻ കളത്തിൽ, ജെനീഷ്, നൗഷാദ് കൊളക്കാട്ടിൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.