ശുചിത്വ തീരം; ആയിരങ്ങൾ കൈ കോർത്തേപ്പോൾ തിളങ്ങി കടൽത്തീരം
1377309
Sunday, December 10, 2023 3:28 AM IST
കോഴിക്കോട്: ആയിരങ്ങൾ ഒരുമിച്ച് ഒരേ സമയം കൈ കോർത്തപ്പോൾ വൃത്തിയായത് ജില്ലയിലെ 12 കടൽ തീരങ്ങൾ. രാവിലെ 7.30 മുതൽ ജില്ലയിലെ തെരഞ്ഞെടുത്ത കടൽത്തീരങ്ങളാണ് "ശുചിത്വ തീരം' ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്.
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് കോർപറേഷൻ പരിധിയിലെ ഭട്ട് റോഡ് ബീച്ചിൽ കടൽത്തീര ശുചീകരണ പ്രവർത്തനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ശുചിത്വ തീരത്തിന്റെ ഭാഗമായി ബീച്ചുകളിൽ വേസ്റ്റ് നിക്ഷേപിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് കളക്ടർ പറഞ്ഞു. മോണിറ്ററിങ്ങിനായി ജനകീയ കമ്മിറ്റി രൂപീകരണം മുതലായ തുടർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നും ജില്ലയെ മാലിന്യ മുക്തമാക്കാനുള്ള ഉദ്യമത്തിൽ എവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും കളക്ടർ പറഞ്ഞു.