അന്തിമ ഫലം ഇന്ന് : അവസാന ദിവസം "കളിച്ചത്' സർവർ; വിജയികൾക്കായി കാത്തിരിപ്പ്
1376918
Saturday, December 9, 2023 12:44 AM IST
പേരാമ്പ്ര: കോഴിക്കോട് ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ അവസാനദിവസം സര്‍വര്‍ പണിമുടക്കിയതുമൂലം അന്തിമഫലം പ്രഖ്യാപിക്കാന്‍ കഴിയാത്തത് കല്ലുകടിയായി.സെര്‍വറുകളില്‍ മെയ്ന്റെനൻസ് നടക്കുന്നത് മൂലം റിസള്‍ട്ട് ചേര്‍ക്കാന്‍ കഴിയാത്ത സാഹചര്യം വന്നു ചേര്‍ന്നതിനാല്‍ ഓവറോള്‍ കിരീടം സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ ഇന്നു മാത്രമേ കഴിയുകയുള്ളു ഡിഡിഇ സി. മനോജ്കുമാര്‍ അറിയിച്ചു.
മൂന്നാം ദിനത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ല മുന്നേറുകയായിരുന്നു. ഇത് നാലാം ദിനത്തിലും തുടര്‍ന്നു. കൊയിലാണ്ടിയും ചേവായൂർ ഉപജില്ലയുമായിരുന്നു യാഥാക്രമം തൊട്ടുപിന്നില്‍.
സ്കൂൾ തലത്തിൽ ചേവായൂർ സിൽവർഹിൽസ് അവസാനദിവസം വൈകിയും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
തോടന്നൂർ മേമുണ്ട എച്ച്എസ്എസ്, കൊയിലാണ്ടി തിരുവങ്ങൂർ എച്ച്എസ്എസ് ദേവഗിരി സാവിയോ എച്ച്എസ്എസ് എന്നീ സ്കൂളുകളും അവസാനനിമിഷവും തുടര്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി കടുത്ത പോരാട്ടത്തിലാണ്.
യുപി വിഭാഗം സംസ്കൃതോത്സവത്തിൽ 95 പോയിന്റ് നേടി മേലാടി കിരീടം നേടി. 89 പോയിന്റ് നേടി പേരാമ്പ്രയാണ് രണ്ടാമത്.അറബിക് സാഹിത്യോത്സവത്തിൽ കൊയിലാണ്ടിയും നാദാപുരവും താമരശേരിയും കിരീടം പങ്കിട്ടു.
65 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം മൂവരും പങ്കിട്ടത്. പേരാമ്പ്ര, ഫറോക്ക് എന്നിവയാണ് രണ്ടാം സ്ഥാനത്ത്. 43 പോയിന്റ് നേടിയ വടകര എംയുഎം വിഎച്ച്എസ്എസ് സ്കൂൾ തലത്തിൽ ഒന്നാമതെത്തി. 35 പോയിന്റുമായി ജെഡിടി ഇസ്ലാം എച്ച്എസ്എസ് ആണ് രണ്ടാമത്. സര്‍വര്‍ തകരാര്‍ അപ്രതീക്ഷിതമായിരുന്നുവെന്നും പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.