യൂത്ത് ലീഗ് യൂത്ത് മാർച്ചിന് തൃക്കുടമണ്ണ ശിവക്ഷേത്ര സന്ദർശനത്തോടെ തുടക്കം
1376887
Saturday, December 9, 2023 12:38 AM IST
മുക്കം: യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് തിരുവമ്പാടി മണ്ഡലത്തിൽ തുടക്കം കുറിച്ചത് മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മുക്കത്ത് വച്ച് ശ്രീ തൃക്കുട മണ്ണ ശിവക്ഷേത്ര സന്ദർശനത്തോടെ. വിദ്വേഷത്തിനെതിരേ, ദുർഭരണത്തിനെതിരേ എന്ന പ്രമേയവുമായി നടക്കുന്ന യൂത്ത് മാർച്ച്, ഇന്നലെ രാവിലെയാണ് മുക്കത്തെത്തിയത്.
സ്വാഗത സംഘം ചെയർമാൻ സി.കെ. കാസിമിന്റെയും ജനറൽ കൺവീനർ വി.പി.എ. ജലീലിന്റെയും നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു. തുടർന്ന് മുക്കത്തിന്റെ മതസൗഹാർദ്ദ കേന്ദ്രവും കൂടിയായ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
വിദ്വേഷത്തിനെതിരേയുള്ള സന്ദേശം ക്രിയാത്മകമാക്കിയും മുക്കത്തിന്റെ മതസൗഹാർദ്ദത്തിൽ അണിചേർന്നും തങ്ങളെ കാണാനെത്തിയ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളെ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് രാജേശൻ വെള്ളാരം കുന്നത്ത്, സെക്രട്ടറി ശശി ഊരാളിക്കുന്ന്, ട്രഷറർ പ്രകാശൻ തറോം കണ്ടി, മേൽശാന്തി നാരായണൻ നമ്പൂതിരി, കെ. മോഹനൻ, വി.സി. ജയപ്രകാശ്, ചന്ദ്രൻ നാരങ്ങാളി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
സ്നേഹ സൗഹൃദം പങ്കിട്ട സദസിന് സി.കെ. കാസിം അധ്യക്ഷത വഹിച്ചു. മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ശശി ഊരാളിക്കുന്ന്, ടി. മൊയ്തീൻകോയ എന്നിവർ പ്രസംഗിച്ചു.