കാരശേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
1376632
Friday, December 8, 2023 1:00 AM IST
മുക്കം: യുഡിഎഫ് ഭരിക്കുന്ന കാരശേരി പഞ്ചായത്തിൽ സെക്രട്ടറിമാർക്ക് ഇരിപ്പിടമുറക്കുന്നില്ല. മൂന്നുവർഷംകൊണ്ട് ഏഴ് സെക്രട്ടറിമാർ സ്ഥലം മാറിപ്പോയപ്പോൾ എട്ടാമത്തെ സെക്രട്ടറി വിആർഎസ് പ്രകാരം പോവുകയായിരുന്നു.
ഇതു ബന്ധപ്പെട്ട പ്രശ്നം ഭരണസമിതി യോഗം നിർത്തി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തു നിന്നും ശിവദാസൻ കാരോട്ടിൽ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ഭരണസമിതി യോഗം ബഹളത്തിൽ കലാശിച്ചു. പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോവുകയും ചെയ്തു.
ഈ ഭരണസമിതി വന്നതിനുശേഷം മൂന്നുവർഷത്തിനുള്ളിൽ എട്ടാമത്തെ സെക്രട്ടറിയാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി മെമ്പർമാരുടെ പീഡനത്തിൽ മനം നൊന്ത് സ്ഥലം മാറി പോകുന്നതെന്നും അവസാനം വന്ന സെക്രട്ടറി സ്ഥലംമാറ്റം ലഭിക്കാത്തതിനെ തുടർന്ന് രണ്ടുവർഷം കൂടി ജോലി അവശേഷിക്കേ സർവീസിൽനിന്ന് സ്വയം വിരമിച്ചു പോകുന്ന അവസ്ഥ ഉണ്ടായതായും ഇടത് മെമ്പർമാർ പറഞ്ഞു.
പഞ്ചായത്തിൽ നിന്നാൽ തനിക്ക് കഴിഞ്ഞദിവസം സെക്രട്ടറിയെ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുക്കം സിഐ തന്നെ സെക്രട്ടറിയെ താമസസ്ഥലത്തേക്ക് മാറ്റുകയായിരുന്നു എന്നും സെക്രട്ടറി മാത്രമല്ല ജീവനക്കാരും ഇവിടെ ജോലി ചെയ്യാൻ തയാറാവുന്നില്ല ഇടത് മെമ്പർമാർ പറയുന്നു.
പഞ്ചായത്തിൽ തന്നെയുള്ള പദ്ധതിനിർവഹണ ചുമതലയുള്ള പ്ലാൻ ക്ലർക്ക്കടുത്ത സമ്മർദ്ദത്തെ തുടർന്ന് നാലു മാസത്തെ ലീവെടുത്ത് പോയിരിക്കുകയാണന്നും, പരസ്പരം ഐക്യമില്ലാത്ത സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ വന്ന് കലഹിക്കുന്നത് പതിവാണന്നും ഇവർ ആരോപിച്ചു.