മുസ്ലിം യൂത്ത് ലീഗ് മാർച്ച് ഇന്ന്
1376631
Friday, December 8, 2023 1:00 AM IST
മുക്കം: വിദ്വേഷത്തിനെതിരേ ദുർഭരണത്തിനെതിരേ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എത്തിച്ചേരുമെന്ന് സംഘാടകസമിതി ഭാരവാഹികൾ മുക്കത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
മുക്കം അഗസ്ത്യമുഴിയിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് പൊതുസമ്മേളനത്തോടെ സമാപിക്കും. നവംബർ 26ന് കുറ്റ്യാടിയിൽ നിന്ന് ആരംഭിച്ച യൂത്ത് മാർച്ച് വിവിധ മണ്ഡലങ്ങളിലെ പര്യടനത്തിനു ശേഷമാണ് മലയോര മണ്ണിൽ എത്തിച്ചേരുന്നത്.
ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എത്തുന്ന മാർച്ചിന്റെ ഭാഗമായി ജാഥാ നായകർ മുക്കം മുസ്ലിം അനാഥശാല, ശ്രീ തൃക്കടമണ്ണ ശിവക്ഷേത്രം, മുക്കം സെന്റ് ജോസഫ് ചർച്ച് എന്നിവ സന്ദർശിക്കും. മാർച്ചിന്റെ ഉദ്ഘാടനം അഗസ്ത്യൻ മുഴിയിൽ ഉച്ചയ്ക്ക് മൂന്നിന് യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി. അഷറഫലി നിർവഹിക്കും. മുക്കം, കറുത്തപറമ്പ്, നെല്ലിക്കാപറമ്പ് വഴി പന്നിക്കോട്ട് സമാപിക്കും.
സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ സി.കെ. കാസിം, ജനറൽ കൺവീനർ വി.പി.എ. ജലീൽ, ട്രഷറർ പി.ജി. മുഹമ്മദ്, വർക്കിംഗ് കൺവീനർ ഷംസീർ പോത്താറ്റിൽ, നിസാം കാരശേരി, ശരീഫ് വണ്ണക്കോട് പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.