കളഞ്ഞു കിട്ടിയ തുക തിരികെ നൽകി മാതൃകയായി മരംവെട്ട് തൊഴിലാളി
1376196
Wednesday, December 6, 2023 7:05 AM IST
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കളഞ്ഞുകിട്ടിയ പണം അടങ്ങിയ പഴ്സ് ഉടമയായ വീട്ടമ്മക്ക് തിരിച്ചു നൽകി മരംവെട്ട് തൊഴിലാളി മാതൃകയായി. തിരൂരങ്ങാടി ചെറുമുക്ക് പങ്ങണിക്കാടൻ അബ്ദുൽ റഷീദിനാണ് 20,000 രൂപ അടങ്ങിയ പഴ്സ് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നന്പർ പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ നിന്ന് കളഞ്ഞു കിട്ടിയത്.
തിങ്കളാഴ്ച വൈകീട്ട് കൊയിലാണ്ടിയിൽ മതപഠനം നടത്തുന്ന മകനെ കണ്ടു മടങ്ങുകയായിരുന്നു അബ്ദുൽ റഷീദ്. നാട്ടിലേക്കുള്ള വണ്ടി വരുന്നതും കാത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്താണ് ഉടമസ്ഥൻ ഇല്ലാതെ ഇരിപ്പിടത്തിൽ ഒരു പഴ്സ് കിടക്കുന്നത് അബ്ദുൽ റഷീദ് കണ്ടത്.
പഴ്സിൽ പണമുണ്ടെന്ന് മനസിലാക്കിയതോടെ അത് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രവീന്ദ്രൻ മഠത്തിലിന് കൈമാറുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ പഴ്സിൽ നിന്ന് ലഭിച്ച മൊബൈൽ നന്പറിലൂടെ ഉടമയെ കണ്ടെത്തുകയായിരുന്നു. നന്പ്രത്തുകര സ്വദേശി പ്രേമയുടേതായിരുന്നു പഴ്സ്. സ്റ്റേഷൻ മാസ്റ്റർ ഇവരെ വിളിപ്പിച്ച ശേഷം അബ്ദുൽ റഷീദിന്റെ സാന്നിധ്യത്തിൽ തന്നെ തുക കൈമാറി.