ജല സംരക്ഷണം ജീവിതത്തിന്റെ ഭാഗമാകണം: ഡോ. മനോജ് പി. സാമുവൽ
1376189
Wednesday, December 6, 2023 7:05 AM IST
കോഴിക്കോട്: മണ്ണും ജലവും ജീവന്റെ അടിസ്ഥാനഘടകമാണെന്നും മണ്ണും ജലവും മലിനമാക്കാതെ സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ജലത്തിന്റെ ലഭ്യതയും ഉപഭോഗവും പരസ്പര പൂരകമാകേണ്ടതുണ്ടന്നും സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ പറഞ്ഞു.
കേരള നദീസംരക്ഷണ സമിതിയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ഗാന്ധിഗൃഹത്തിൽ ചേർന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂജല വകുപ്പിലെ ഹൈഡ്രോജിയോളജിസ്റ്റ് എം.പി.അരുണ്‍ ഭാസ്കർ നദികളും ജലസ്രോതസുകളും മലിനപ്പെടാതെ സുരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജല സംരക്ഷണത്തിന് ഭൂമിയുടെ ജല ആഗിരണ ശേഷി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ടി.വി.രാജൻ മോഡറേറ്ററായിരുന്നു. പരിസ്ഥിതി പ്രവർത്തകർക്ക് പുറമേ വിദ്യാർഥികളും സെമിനാറിൽ പങ്കെടുത്തു.
കേരള നദീസംരക്ഷണ സമിതിയുടെ സ്ഥാപകാംഗവും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായിരുന്നപ്രഫ. എസ്. സീതാരാമന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സേവനങ്ങളെ കെ.എ.ഷുക്കൂർ അനുസ്മരിച്ചു. ശബരി മുണ്ടക്കൽ, സുബീഷ് ഇല്ലത്ത്, പി.കെ.ശശി, പി.ദിനേശ് ബാബു, കെ. വിശ്വനാഥൻ, പി. ശിവാനന്ദൻ, കെ.രമാദേവി തുടങ്ങിയവർ പങ്കെടുത്തു.