40 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
1376006
Tuesday, December 5, 2023 6:31 AM IST
കോഴിക്കോട് : ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കോര്പറേഷന് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വന്‍കിട മാലിന്യ ഉത്പാദക സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 40 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നമായ ക്യാരിബാഗ് പിടിച്ചെടുത്തു.സ്ഥാപനത്തിനെതിരേ പതിനായിരം രൂപ പിഴ ചുമത്തി.
പ്രതിദിനം 100 കിലോ മാലിന്യങ്ങള്‍ ഉത്പാദിപിക്കുന്ന 4500 മീറ്റര്‍ സ്ക്വയര്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങളെയാണ് വന്‍കിട സ്ഥാപനങ്ങളായി കണക്കാക്കുന്നത്.കോഴിക്കോട്ട് പതിമൂന്ന് വന്‍കിട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഹരിതച്ചട്ടം പാലിക്കുന്നതിനും, ഇതിനായി നിബന്ധനകള്‍ അടങ്ങിയ അപേക്ഷ ഫോറം സൂക്ഷിക്കുന്നതിനും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ബയോഗ്യാസ് പ്ലാന്റ് സംബന്ധിച്ച് സാങ്കേതിക തകരാറുള്ള സ്ഥാപനങ്ങള്‍ക്ക് പരിഹരിക്കാന്‍ ഏഴ് ദിവസം സമയം നല്കി നോട്ടീസ് നല്കി. മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് കൃത്യമായി പരിപാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ച് നോട്ടീസ് നല്കി. സമയപരിധിക്കുള്ളില്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി തുടര്‍ നടപടി സ്വീകരിക്കും.
ജൈവമാലിന്യം കൈകാര്യം ചെയ്യുന്നതില്‍ അശാസ്ത്രീയതയുള്ള സ്ഥാപനങ്ങള്‍ക്ക് അത് പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. അജൈവമാലിന്യം ഹരിതകര്‍മ സേനക്ക് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ തുടര്‍ പരിശോധനയിലൂടെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കോഴിക്കോട് കോര്പറേഷന് പരിധിയില്‍ മാത്രം 640 വന്‍കിട മാലിന്യ ഉത്പാദന സ്ഥാപനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതില്‍ 220 സ്ഥാപനങ്ങളിലും മാലിന്യ നിര്‍മാര്‍ജനം സര്‍ക്കാര്‍ നിശ്ചയിച്ച രീതയില്‍ നടത്തുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ സ്ക്വാഡ് പരിശോധന നടത്തിയത്.
പരിശോധന സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ വകുപ്പിന് സമര്‍പ്പിക്കും. പരിശോധനയ്ക്ക് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ്, കോര്പറേഷന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. പ്രമോദ്, ജൂനിയര്‍ സൂപ്രണ്ട് എ.അനില്‍ കുമാര്‍, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. എസ്. ഡേയ്സണ്‍ , കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.സുജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ അസീസ്, ശുചിത്വ മിഷന് ഇന്റേണ്‍ എന്‍.ഇ.പ്രണീത എന്നിവര്‍ നേതൃത്വം നല്കി.