തോട്ടുമുക്കത്തെ പുതിയ ക്വാറിക്കെതിരേ ഗ്രാമസഭയിൽ പ്രമേയം ; ലൈസൻസ് അനുവദിക്കരുതെന്ന് വില്ലേജ് ഓഫിസർ
1376002
Tuesday, December 5, 2023 6:31 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് തോട്ടുമുക്കം ദേവസ്വംകാട്ടിൽ പുതിയ ക്വാറി അനുവദിക്കാനുള്ള നീക്കത്തിനെതിരെ അഞ്ചാം വാർഡ് സ്പെഷ്യൽ ഗ്രാമസഭയിൽ പ്രമേയം.
കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ തീരുമാന പ്രകാരമാണ് സ്പെഷ്യൽ ഗ്രാമസഭ ചേർന്നത്. 170 പേർ പങ്കെടുത്ത ഗ്രാമസഭയിൽ ഐക്യകണ്ഠേനെയാണ് പ്രമേയം പാസാക്കിയത്. നിരവധി ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന മലയോര പ്രദേശമായ തോട്ടുമുക്കത്ത് പുതിയ ഒരെണ്ണം കൂടി വന്നു കഴിഞ്ഞാൽ ജനജീവിതം കൂടുതൽ ദുസഹമാകുമെന്നും അനുമതിക്കായി സമർപ്പിച്ച രേഖകൾ വ്യാജമാണന്നും യോഗം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന ഗ്രാമസഭയിൽ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ സുഫിയാൻ ചെറുവാടി, വാർഡ് മെന്പർ സിജി കുറ്റികൊന്പിൽ, പഞ്ചായത്ത് അംഗങ്ങളായ വി. ഷംലൂലത്ത്, ടി.കെ. അബൂബക്കർ, സീനിയർ ക്ലാർക്ക് നാസർ കളത്തിങ്കൽ എന്നിവർ സംബന്ധിച്ചു.
അതിനിടെ, ക്വാറിക്ക് അനുമതി നൽകരുതെന്ന് കൊടിയത്തൂർ വില്ലേജ് ഓഫീസറും ഗ്രാമ പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള റോഡിന്റെ വീതിക്കുറവ് ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഓഫീസർ കത്ത് നൽകിയത്.
ഭരണസമിതി യോഗത്തിൽ രൂപവത്കരിച്ച ഉപസമിതി പ്രദേശം സന്ദർശിച്ച് പ്രദേശവാസികളുമായി ചർച്ച നടത്തിയിരുന്നു. അതേസമയം തുടക്കം മുതൽ ക്വാറി അനുവദിക്കുന്നതിന് അനുകൂലമായി നിലപാടെടുത്ത ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഉപസമിതി അംഗമായ സെക്രട്ടറി കഴിഞ്ഞ ദിവസം നടന്ന സന്ദർശനത്തിൽ നിന്നു വിട്ടു നിന്നതും കൂടുതൽ എതിർപ്പിന് കാരണമായി.