വിലങ്ങാട് മലയങ്ങാട് കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു
1375127
Saturday, December 2, 2023 1:00 AM IST
നാദാപുരം: വിലങ്ങാട് മലയങ്ങാട് വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാണിമേൽ സ്വദേശി കവൂർ മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് വ്യാഴാഴ്ച്ച രാത്രി കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
തെങ്ങ്, കവുങ്ങ്, റബർ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. കണ്ണവം വനത്തോട് ചേർന്ന കൃഷിയിടത്തിൽ കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്നത് പതിവായതോടെ പ്രദേശത്തെ കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിയിരുന്നു.
ജീവനും, സ്വത്തിനും കാട്ടാനകൾ ഭീഷണിയായതോടെ കർഷകരും, നാട്ടുകാരും നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയിരുന്നു. പരാതികളെ തുടർന്ന് വനാതിർത്തിയിൽ സോളാർ കമ്പിവേലി സ്ഥാപിച്ചതോടെ കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നത് നിലച്ചിരുന്നു.
ഒരു ഇടവേളക്ക് ശേഷമാണ് വ്യാഴാഴ്ച്ച രാത്രിയിൽ കമ്പിവേലികൾ തകർത്ത് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി വീണ്ടും നാശം വിതച്ചത്. കണ്ണവം വനത്തിൽ നിന്നാണ് ആനക്കൂട്ടം കൃഷിയിടത്തിലിറങ്ങുന്നത്.