പെരുവണ്ണാമൂഴി സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ കുടിവെള്ള പൈപ്പ് പൊട്ടി; ആംബുലൻസ് കുടുങ്ങി
1375125
Saturday, December 2, 2023 12:56 AM IST
പേരാമ്പ്ര: പെരുവണ്ണാമൂഴി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ളിലെ കുടിവെള്ള പൈപ്പ് പൊട്ടി. ആശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന 108 ആംബുലൻസ് മണിക്കൂറുകളോളം പുറത്തിറക്കാൻ ആവാതെ കുടുങ്ങി. കുറ്റ്യാടി, പന്നിക്കോട്ടൂർ ആശുപത്രികളിൽ നിന്ന് രോഗികളെ മെഡിക്കൽ കോളജിൽ എത്തിക്കാൻ വിളി വന്നെങ്കിലും ആംബുലൻസിനു പോകാനായില്ല.
പെരുവണ്ണാമൂഴി മെയിൻ ടാങ്കിൽ നിന്നും മുക്കവല, തോണക്കര കുന്ന് ടാങ്കുകളിലേക്ക് പോകുന്ന കുടിവെള്ള പൈപ്പാണ് പൊട്ടിയത്. ഇതോടെ ആശുപത്രി കോമ്പൗണ്ട് തകർന്നു. നിലത്ത് പാകിയ ടൈലുകളും മറ്റും ഇളകി തെറിച്ചു. ജലം ആശുപത്രി കോമ്പൗണ്ടിൽ പരന്നൊഴുകി ചെളിക്കുളമായി. ഇന്നലെ രാവിലെ 11:30 യോടെയാണ് സംഭവം.
പേരാമ്പ്ര വാട്ടർ അതോറിറ്റി അധികൃതർ എത്തി തുടർ നടപടികൾ സ്വീകരിച്ചു. പൊട്ടിയ ഭാഗം താൽകാലികമായി ക്വാറി വേസ്റ്റിട്ട് നികത്തി ഉറപ്പിച്ച് ആംബുലൻസ് വൈകുന്നേരം നാലോടെ പുറത്തിറക്കി. പൈപ്പ് പൊട്ടിയതിനാൽ ചക്കിട്ടപാറ മേഖലയിലെ കുടിവെള്ളം വിതരണം മുടങ്ങി. മുമ്പ് പെരുവണ്ണാമൂഴിയിൽ നിന്ന് ചക്കിട്ടപാറയ്ക്ക് കടന്നു പോയിരുന്ന റോഡിന്റെ ഭാഗത്താണ് ഇപ്പോൾ ആശുപത്രി ഉള്ളത്.
ഇതിന്റെ അടിയിലൂടെയാണ് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിരുന്നത്. റോഡിന്റെ അലൈൻമെന്റ് മാറ്റിയെങ്കിലും പൈപ്പ് സ്ഥാപിച്ചത് മാറ്റിയിരുന്നില്ല. ഇതാണ് ഇപ്പോൾ വിനയായത്. നിലവിലുള്ള റോഡ് ഭാഗത്ത് കൂടെ തന്നെ പൈപ്പ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ പ്രശ്നം ശാശ്വതമായി പരിഹരിക്കുകയുള്ളൂ.