കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ ആരംഭിക്കും
1375120
Saturday, December 2, 2023 12:56 AM IST
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ പേരാമ്പ്രയിൽ തിരിതെളിയും. മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് തിയതികളിലായാണ് കലോത്സവം. 309 ഇനങ്ങളിലായി17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. 19 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. കലോത്സവത്തിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
മൂന്ന്, അഞ്ച് തിയതികളിൽ രചനാ മത്സരങ്ങളും അഞ്ച് മുതൽ എട്ട് വരെ സ്റ്റേജ് മത്സരങ്ങളുമാണ്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും ആർട് ആൻഡ് സയൻസ് കോളജ്, എൻഐഎം എൽപി സ്കൂൾ, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, സികെജിഎം ഗവ. കോളജ് എന്നിവിടങ്ങളിലാണ് വേദികൾ.
കലോത്സവത്തോടനുബന്ധിച്ച് ആറ്, ഏഴ് തിയതികളിൽ പേരാമ്പ്ര മാർക്കറ്റിന് സമീപമുള്ള വേദിയിൽ സാംസ്കാരിക സദസ് സംഘടിപ്പിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എം.കെ. മുനിർ എംഎൽഎ നിർവഹിക്കും.
കലോത്സവത്തിന്റെ ഭക്ഷ്യവിഭവ സമാഹരണവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കലോത്സവത്തിനായി സർക്കാർ ഫണ്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര എംഎൽഎയും സ്വാഗതസംഘം ചെയർമാനുമായ ടി.പി. രാമകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ എന്നിവർക്ക് പുറമെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് മെമ്പർമാരായ കെ.കെ. വിനോദ്, ലിസി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പൊൻപാറ, പഞ്ചായത്ത് മെമ്പർ അർജുൻ കറ്റയാട്ട്, മീഡിയ കമ്മിറ്റി കൺവീനർ അനിൽകുമാർ, ഹെഡ്മാസ്റ്റർ സുനിൽകുമാർ, അധ്യാപകരായ കെ.വി. ഷിബു, ബിജു, അബ്ദുൽ ജലീൽ, സുനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.