തോട്ടുമുക്കത്തെ ക്വാറി: രേഖകളുടെ ആധികാരികത പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കും
1374960
Friday, December 1, 2023 7:17 AM IST
മുക്കം: പഞ്ചായത്തിലെ തോട്ടുമുക്കത്ത് പുതിയ ക്വാറിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന ഭരണസമിതി യോഗത്തിൽ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. അപേക്ഷയോടൊപ്പം നൽകിയ രേഖകളുടെ ആധികാരികത പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി നേരിട്ട് ബന്ധപ്പെടാനാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.
ചൂടേറിയ ചർച്ചയാണ് യോഗത്തിൽ നടന്നത്. അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ അനുമതി നൽകണമെന്ന് നേരത്തെ നിലപാടെടുത്ത സെക്രട്ടറിയുടെ നടപടിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് അംഗങ്ങൾ പ്രതികരിച്ചത്. യോഗത്തിൽ ആദ്യം സംസാരിച്ച അഞ്ചാം വാർഡ് അംഗം സിജി കുറ്റിക്കൊമ്പിൽ യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു.
അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് തുടർന്ന് സംസാരിച്ച മൂന്നാം വാർഡ് അംഗം ഷിഹാബ് മാട്ടുമുറി പറഞ്ഞു. കൃത്രിമ രേഖകളാണ് സമർപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടതായി വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ പറഞ്ഞു.
പുതിയ ക്വാറി അനുവദിച്ചാൽ നിരവധി കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നതോടൊപ്പം ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർമിക്കാനിരിക്കുന്ന ടാങ്കിനും ക്വാറി ഭീഷണിയാവുമെന്ന് മുൻ പ്രസിഡന്റ് വി. ഷംലൂലത്ത് പറഞ്ഞു. ജൈവവൈവിധ്യ പരിസ്ഥിതി കമ്മിറ്റി നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ബാബു പൊലുകുന്ന് ഭരണസമിതി യോഗത്തിൽ വായിച്ചു.
യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് ടി.കെ അബൂബക്കർ, എം.ടി. റിയാസ് എന്നിവരും ആവശ്യപ്പെട്ടു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഭരണസമിതി അംഗീകരിച്ച പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഇന്നലെ നടന്ന ഭരണസമിതി യോഗത്തിലെ തീരുമാനവും അപേക്ഷയുമായി ബന്ധപ്പെട്ട് നിലവിലെ സ്റ്റാറ്റസ് സർക്കാരിനെ അറിയിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ പറഞ്ഞു.
ആശങ്ക ഒഴിയാതെ ജനങ്ങൾ
മുക്കം: തോട്ടുമുക്കത്തെ പുതിയ ക്വാറിയുമായി ബന്ധപ്പെട്ട് ആശങ്ക ഒഴിയാതെ പ്രദേശവാസികൾ. ഇന്നലെ നടന്ന ഭരണസമിതി യോഗത്തിൽ ക്വാറിക്ക് അനുമതി നൽകരുതെന്ന് യുഡിഎഫ്, എൽഡിഎഫ്, വെൽഫെയർ പാർട്ടി അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെങ്കിലും നിയമത്തിന്റെ പഴുതിലൂടെ ഉടമകൾ അനുമതി നേടിയെടുക്കുമെന്ന ഭീതി നാട്ടുകാർക്കുണ്ട്.
അപേക്ഷയോടൊപ്പം സമർപ്പിച്ച ഭൂരിഭാഗം രേഖകളും വ്യാജമാണെന്ന് പഞ്ചായത്ത് അംഗങ്ങൾ യോഗത്തിൽ അവതരിപ്പിച്ചെങ്കിലും അത് തന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന നിലപാടാണ് സെക്രട്ടറി സ്വീകരിച്ചത്. നിലവിൽ തോട്ടുമുക്കം പ്രദേശത്ത് പത്തോളം ക്വാറികളും ക്രഷറുകളുമാണ് പ്രവർത്തിക്കുന്നത്. ഇതു തന്നെ ജനജീവിതം ദുസഹമാക്കിയ സാഹചര്യത്തിലാണ് മറ്റൊരു ക്വാറിക്ക് കൂടി അനുമതിക്ക് ശ്രമിക്കുന്നത്.അതിനിടെ ഭരണസമിതി യോഗം നടക്കുന്ന സമയത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ്, വെൽഫെയർ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തി.