വന്‍കിട മാലിന്യകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി
1374959
Friday, December 1, 2023 7:17 AM IST
കോഴിക്കോട് : ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയില്‍ മാലിന്യം ഉല്പാദിപ്പിക്കപ്പെടുന്ന വന്‍കിട സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മിന്നല്‍ പരിശോധന നടത്തി.
കോഴിക്കോട് കോര്പറേഷന്, വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊയിലാണ്ടി നഗരസഭകള്‍, വാണിമേല്‍, അഴിയൂര്‍, തിക്കോടി, ചെങ്ങോട്ടുകാവ്, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമപ്രകാരം പാലിക്കേണ്ട ശുചിത്വ പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി.
രണ്ട് ടീമായാണ് ഉദ്യോഗസ്ഥര്‍ ഹോസ്പിറ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം, മലിനജല സംസ്കരണ സംവിധാനം, അജൈവ മാലിന്യ സംസ്കരണം, പൊതുശുചിത്വം, ജൈവ മാലിന്യ സംസ്കരണം എന്നീ ഘടകങ്ങളാണ് പരിശോധിച്ചത്. ദിവസേന നൂറിലധികം ആളുകള്‍ വന്നുപോകുന്ന സ്ഥലങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടോ എന്ന പരിശോധനയും നടത്തി.
പ്രതിദിനം 100 കിലോ മാലിന്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഉറവിട മാലിന്യസംസ്കരണം കൃത്യമായി പാലിക്കുവാന്‍ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് വിവിധ പരിപാടികളില്‍ ഉപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, 44 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് വിവിധ സ്ഥാപനങ്ങളില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു.
പരിശോധനയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജില്ലാ ഓഫീസ് സൂപ്രണ്ടുമാരായ എ.അനില്‍കുമാര്‍, പി.സി. മുജീബ്, ഹെഡ് ക്ലാര്‍ക്ക് ഷനില്‍കുമാര്‍, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണല്‍ പ്രനിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റീഫന്‍, ആശതോമസ്, സനല്‍കുമാര്‍, വിജിന, പ്രജിഷ് എന്നിവര്‍ നേതൃത്വം നല്കി.
പിഴ സമയബന്ധിതമായി അടച്ചില്ലെങ്കില്‍ റവന്യു റിക്കവറി നടപടിയിലൂടെ തുക ഈടാക്കുമെന്നും തുടര്‍ദിവസങ്ങളിലും പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി.എസ്. ഷിനോ അറിയിച്ചു.