കോഴിത്തൂവലില് നിന്ന് കടലാസ് ഉത്പാദിപ്പിക്കാം; വിസ്മയവുമായി രണ്ട് മിടുക്കികള്‍
1374665
Thursday, November 30, 2023 7:05 AM IST
വടകര: കോഴിത്തൂവലില് നിന്ന് വിസ്മയം തീര്‍ത്ത് രണ്ട് വിദ്യാര്‍ഥിനികള്‍. എഴുതാനുള്ള കടലാസ് ഉല്പാദിപ്പിച്ച് ഓര്‍ക്കാട്ടേരി കെകെഎം ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധേയരായി.
കോഴിസ്റ്റാളുകളില് നിന്ന് തൂവല്‍ ഒഴിച്ചുള്ള ഇറച്ചി മാലിന്യങ്ങള്‍ പന്നിഫാമുകളിലേക്കും മറ്റും കയറ്റിപ്പോകുമെങ്കിലും തൂവല്‍ സംസ്കരണം പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗവുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. കോഴിമാലിന്യം വിവിധ പ്രക്രിയയിലൂടെ സംസ്കരിച്ച് കടലാസാക്കി മാറ്റുവാനുള്ള പ്രൊജക്റ്റ് രസതന്ത്ര വിഭാഗം അധ്യാപിക ടീനാമോള്‍ ഡാനിയേലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ മയൂഖ വിനോദ്, ഫാത്തിമത്തുല്‍ ഹുദാ എന്നിവരാണ് തയാറാക്കിയത്.
സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോഴിക്കടകളിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഈ പ്രൊജക്ട് ചെയ്യാനുള്ള പദ്ധതി ജില്ലാ ശുചിത്വമിഷന്റെയും സംസ്ഥാന ശുചിത്വമിഷന്റെയും പരിഗണനയിലാണ്.