കൊയിലാണ്ടി നിയോജകമണ്ഡലം സമ്പൂർണ ശുചിത്വത്തിലേക്ക്
1374480
Wednesday, November 29, 2023 8:09 AM IST
കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തിന് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. നിയോജകമണ്ഡലം മാലിന്യമുക്ത നവകേരളം മോണിറ്ററിംഗ് സമിതി യോഗം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഹരിത കർമസേന അംഗങ്ങൾക്ക് പ്രതിമാസ വേതനം സമയബന്ധിതമായി നൽകുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മോണിറ്ററിംഗ് പ്രവർത്തനം ഊർജ്ജിതെപ്പെടുത്തണമെന്നും ഹരിത കർമസേന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
വീടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് നൽകിയതിന്റെ പുരോഗതി, യൂസർ ഫീ ശേഖരണം, ഹരിത കർമസേന അംഗങ്ങളുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പരിശോധിച്ചു. 2024 ജനുവരി 26 നു മാലിന്യമുക്തം നവകേരളം പ്രഖ്യാപനം നടത്തുന്നതിന് ഓരോ തദ്ദേശ സ്ഥാപനങ്ങളും നേരിടുന്ന പ്രശ്നങ്ങളും നിലവിൽ ഉള്ള പ്രവർത്തന പുരോഗതിയും യോഗം വിശദമായി ചർച്ച ചെയ്തു.
2023 ജൂൺ മുതൽ ഒക്ടോബർ വരെ പയ്യോളി മുനിസിപ്പാലിറ്റി 60.38, കൊയിലാണ്ടി മുനിസിപ്പാലിറ്റി 47.47, ചേമഞ്ചേരി 50.42, ചെങ്ങോട്ടുകാവ് 45.82, തിക്കോടി 42.11, മൂടാടി 32.41 എന്നിങ്ങനെയാണ് ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യൂസർ ഫീ കളക്ഷൻ ലഭിച്ചതിന്റെ ശരാശരി ശതമാന കണക്ക്.
മണ്ഡലത്തിലെ ആകെ 77 കോഴിക്കടകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ട്. 52 ജലാശയങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്തിട്ടുള്ളതായും യോഗം വിലയിരുത്തി.
എംഎൽഎ ശുചിത്വ പ്രതിജ്ഞ ചൊല്ലി ആരംഭിച്ച യോഗത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു. ഇന്റേർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽഹമീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, സി.കെ. ശ്രീകുമാർ, കൊയിലാണ്ടി നഗരസഭാ സെക്രട്ടറി എസ്. ഇന്ദു, മേലടി ബ്ലോക്ക് സെക്രട്ടറി ജോബി സലാഷ്, പയ്യോളി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ, തിക്കോടി അസിസ്റ്റന്റ് സെക്രട്ടറി കെ. ഇന്ദിര, പന്തലായനി ബ്ലോക്ക് ജിഇഒഎം മനോജൻ, ജില്ല ഓഫീസ് സൂപ്രണ്ട് കെ.വി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.