മസ്റ്ററിംഗ് നടത്താനായില്ല; സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാതെ നിരവധി പേർ
1374473
Wednesday, November 29, 2023 8:09 AM IST
മുക്കം: മസ്റ്ററിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാതെ നിരവധി പേർ. അഞ്ചു മാസങ്ങൾക്ക് ശേഷം സംസ്ഥാന സർക്കാർ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം തുടങ്ങിയപ്പോഴാണ് പലർക്കും പെൻഷൻ ലഭിച്ചിട്ടില്ല. ക്ഷേമപെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന തിയതി 2023 ഓഗസ്റ്റ് 31 വരെയായിരുന്നു.
എന്നാൽ പല കാരണങ്ങൾ കൊണ്ടും പലർക്കും മസ്റ്ററിംഗ് നടത്താനായില്ല. ഇനി മസ്റ്ററിംഗ് ചെയ്താൽ തന്നെ ഇവർക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നീ അഞ്ചു മാസത്തെ പെൻഷൻ ലഭിക്കില്ല. നവംബർ അവസാനമാണ് പെൻഷൻ വിതരണം തുടങ്ങിയത്. അതിനാൽ 21 മുതൽ 30 വരെ പെൻഷൻ സൈറ്റ് ക്ലോസ് ആണ്. ഇനി ഡിസംബർ ഒന്നിന് ശേഷം മാത്രമേ മസ്റ്ററിംഗ് നടക്കുകയുള്ളൂ.
പഞ്ചായത്ത് ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ പെൻഷൻ സസ്പെൻഡ് ചെയ്തതായാണ് പലർക്കും അറിയാൻ കഴിഞ്ഞത്. മസ്റ്ററിംഗ് പൂർത്തിയാക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അക്ഷയ വഴി മസ്റ്ററിംഗ് ചെയ്താൽ പെൻഷൻ പുനഃസ്ഥാപിച്ചു കിട്ടുമെന്നുമാണ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിശദീകരണം.
ജൂലൈ, ഓഗസ്റ്റ് മാസത്തെ പെൻഷന് ഗുണഭോക്താക്കൾക്ക് അർഹതയുണ്ടെന്നും അത് നിഷേധിക്കുന്നത് നീതികരിക്കാൻ കഴിയില്ലെന്നും കാരശേരി ഗ്രാമപഞ്ചായത്ത് മെന്പർ കുഞ്ഞാലി മന്പാട്ട് പറഞ്ഞു. ഇതിനെതിരേ സർക്കാരിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.