വനംവകുപ്പ് വെട്ടി മാറ്റിയ മരങ്ങൾക്കു പകരം വൃക്ഷത്തൈ നടാൻ വി ഫാം
1374066
Tuesday, November 28, 2023 1:40 AM IST
പെരുവണ്ണാമൂഴി: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിനോട് ചേർന്ന് വനത്തിനകത്ത് ഡിസംബർ ഒന്നിന് രാവിലെ 10 മണിക്ക് വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കർഷകർ വൃക്ഷത്തൈകൾ നടും.
പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് കീഴിലുള്ള സംരക്ഷിത വനത്തിലെ തേക്കുകൾ അടക്കമുള്ള വൃക്ഷങ്ങൾ കൂട്ടത്തോടെ വെട്ടിമാറ്റി കോണ്ക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിൽ പ്രതിഷേധിച്ചാണ് വൃക്ഷത്തൈകൾ നടുന്നത്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിധിയിലെ നിരവധി സ്ഥലങ്ങളിൽ കർഷകരുടെ കൃഷി ഭൂമികളിലെ മരങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി മുറിച്ച് മാറ്റുന്നതിന് വനം വകുപ്പ് തടസം സൃഷ്ടിക്കുകയും കർഷകരുടെ പേരിൽ കള്ളക്കേസ് എടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
സംരക്ഷിത വനപ്രദേശത്തെ മരങ്ങൾ മുറിച്ച് മാറ്റി കോണ്ക്രീറ്റ് കെട്ടിടങ്ങൾ വനംവകുപ്പിന് നിർമിക്കാമെങ്കിൽ നികുതി അടക്കുന്ന പാവപ്പെട്ട കർഷകരുടെ ഭൂമിയിലെ മരങ്ങൾ മുറിക്കാനും വിൽപ്പന നടത്താനും കർഷകനും അവകാശമുണ്ടെന്ന് വി ഫാം അഭിപ്രായപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് വെളിയംകുളം അധ്യക്ഷത വഹിച്ചു.
ജോയി കണ്ണൻച്ചിറ, സുമിൻ എസ്. നെടുങ്ങാടൻ, ബാബു പൈകയിൽ, സെമിലി സുനിൽ, ബാബു പുതുപ്പറന്പിൽ, ജിജോ വട്ടോത്ത്, സണ്ണി കൊമ്മറ്റം, ജോണ്സണ് കക്കയം, ഡെന്നിസ് തോമസ്, ഷാന്റി കണ്ടത്തിൽ, ലീലാമ്മ ജോസ്, സണ്ണി പാരഡൈസ്, ജോസ് അറക്കൽ, സജി പാറക്കൽ എന്നിവർ സംസാരിച്ചു.