ജനങ്ങൾ വികസനത്തിന്റെ സ്വാദറിയുന്നു: മുഖ്യമന്ത്രി
1373800
Monday, November 27, 2023 2:37 AM IST
കുന്നമംഗലം: എല്ലാ വിഭാഗം ജനങ്ങളും വികസനത്തിന്റെ സ്വാദ് അറിയുന്നുണ്ടെന്നും വികസനം എല്ലാവർക്കും തുല്യമായി വീതിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് വിവിധ വികസന പ്രവർത്തനങ്ങൾ നാടാകെ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കുന്നമംഗലം നിയോജകമണ്ഡലം നവകേരള സദസ് കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതൽ വികസനം ആവശ്യമാണ്. അത് സർവതല സ്പർശിയായിരിക്കുകയും വേണം. ഭൂപരിഷ്കരണം, വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തുമുണ്ടായ ഇടപെടലുകൾ തുടങ്ങി വിവിധ തലങ്ങളിൽ ഉള്ള മുന്നേറ്റങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. അതാണ് കേരള മോഡൽ വികസനം.
ഇതിലൂടെ നാം നേടിയ നേട്ടങ്ങൾ വലിയതോതിൽ എടുത്തു കാണപ്പെട്ടു. എന്നാൽ തുടർന്ന് കാലാനുസൃതമായ പുരോഗതി നേടാനായില്ല. 2016 ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേരളത്തെ എങ്ങനെ മാറ്റാം എന്നു ചിന്തിക്കുകയും വിശാലമായ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങൾ നിറവേറ്റാൻ ശ്രമിച്ചു. അതുകൊണ്ടാണ് തുടർഭരണം ലഭിച്ചതെന്നും ഓഖി, കോവിഡ്, നിപ പോലുള്ള പ്രതിസന്ധികളിൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവമ്പാടിയില് സ്വീകരിച്ചത് 3,827 നിവേദനങ്ങൾ
കോഴിക്കോട്: പൊതുജനങ്ങൾക്കായി തിരുവമ്പാടി നിയോജക മണ്ഡലം നവകേരള സദസിന്റെ നിവേദന കൗണ്ടറുകളിൽ ലഭിച്ചത് 3,827 നിവേദനങ്ങൾ.
മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ ഒരുക്കിയ കൗണ്ടറുകളിൽ രാവിലെ ഏഴു മുതൽ തന്നെ നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. നിവേദനങ്ങൾ നൽകുന്നതിനായി വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഹെല്പ് ഡെസ്ക്കുകൾ ഉൾപ്പടെ ആകെ 40 കൗണ്ടറുകളാണ് സ്കൂളിൽ ഒരുക്കിയത്.
മുക്കത്ത് ലഭിച്ചത് 3,827 പരാതികൾ
മുക്കം: മുക്കത്ത് നടന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസിൽ ലഭിച്ചത് 3827 പരാതികൾ. രാവിലെ എട്ടുമണിയോടെ പരാതികൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചിരുന്നു.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്കുള്ള പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 15 കൗണ്ടറുകളാണ് സജ്ജീകരിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ കൗണ്ടറുകൾ അടച്ചു. ലഭിച്ച പരാതികൾ തിങ്കളാഴ്ച കളക്ടറേറ്റിലെ അധികൃതർക്ക് കൈമാറും.
കൊടുവള്ളിയിൽ 3,600 നിവേദനങ്ങൾ
കൊടുവള്ളി:കൊടുവള്ളി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളിൽ പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ചത് 3600 നിവേദനങ്ങൾ. രാവിലെ 10 മുതൽ തന്നെ കൗണ്ടറുകളിൽ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു.
വൈകീട്ട് ആറ് വരെ കൗണ്ടറുകൾ പ്രവർത്തിച്ചു.18 കൗണ്ടറുകളാണ് വേദിക്ക് സമീപമായി നിവേദനങ്ങൾ നൽകുന്നതിനായി സജ്ജീകരിച്ചത്. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് നിവേദനങ്ങൾ നൽകാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി പോർട്ടലിലൂടെ നൽകും.