മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; കെഎസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
1373799
Monday, November 27, 2023 2:37 AM IST
മുക്കം: നവകേരള സദസിനായി മുക്കത്തേക്കുള്ള യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ശ്രമം. കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ മുക്കം മുത്തേരിയിലാണ് സംഭവം. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിറകെ മുദ്രാവാക്യം വിളികളുമായി കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓടിയെത്തുകയായിരുന്നു.
കെഎസ് യു തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് തനുദേവ് കൂടാംപൊയിൽ, ആദിത്യൻ മണാശ്ശേരി, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഷാദ് പൂളപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കരിങ്കൊടി പ്രതിഷേധം ഭയന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ലെറിൻ റാഹത്ത്, മുൻദിർ ചേന്ദമംഗല്ലൂർ, ഷാനിബ് ചോണാട്, കാരശ്ശേരി പഞ്ചായത്തംഗം അഷ്റഫ് തച്ചാറമ്പത്ത്, ജലീൽ മുക്കം എന്നിവരേയും യൂത്ത് ലീഗ് മുക്കം പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട്, ജനറൽ സെക്രട്ടറി ജിഹാദ് തറോൽ, എ.എം.നജീബുദ്ധീൻ,നസീർ കല്ലുരുട്ടിശിഹാബ് മുണ്ടുപാറ, ആഷിക് നരിക്കൊട്ട്, പി.സി.അബ്ദുറഹ്മാൻ, വി.പിമിദ്ലാജ് എന്നിവരേയും കരുതൽ തടങ്കലിൽ എടുത്തിരുന്നു. വൈകീട്ടോടെ ഇവരെ വിട്ടയച്ചു.