തിരുവമ്പാടിയില്‍ ഏഴരവർഷത്തിനിടെ 480 കോടിയുടെ കുടിവെള്ള പദ്ധതി
1373797
Monday, November 27, 2023 2:37 AM IST
തിരുവമ്പാടി: ഏഴര വർഷത്തിനിടെ 480 കോടിയുടെ കുടിവെള്ള പദ്ധതിയാണ് തിരുവമ്പാടി മണ്ഡലത്തിന് അനുവദിച്ചതെന്ന് മന്ത്രി സജി ചെറിയാന്. തിരുവമ്പാടിയിലെ നവകേരളസദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് സർക്കാർ മുന്നോട്ട് പോവുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി നൽകുന്ന സംസ്ഥാനമാണ് കേരളം. പിഎസ് സി വഴി 2,21,482 തസ്തികകളിലേക്ക് നിയമനം നടത്തുകയും ശമ്പളപരിഷ്കരണം നടപ്പിലാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം.
മുൻവർഷത്തേക്കാൾ 23,000 കോടി തനത് വരുമാനം വർധിപ്പിച്ചു. 2016 മുതൽ 2021 വരെ 57,603 കോടി രൂപയാണ് കേരളത്തിൽ ക്ഷേമപെൻഷൻ നൽകിയത്.ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 5,581 കോടി രൂപ സംസ്ഥാന സർക്കാർ നൽകി. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയജലപാത, തീരസംരക്ഷണം എന്നിവക്കെല്ലാം സർക്കാർ പണം ചെലവഴിക്കുകയാണ്. കേരളത്തിലെ 54,000 ക്ലാസ് മുറികൾ ഡിജിറ്റലായി. സിങ്കപ്പൂരിനും ഗൾഫ് രാജ്യങ്ങൾക്കുമൊപ്പം കിടപിടിക്കുന്ന വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.