‘2025 ഓടെ കേരളത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കും’
1373795
Monday, November 27, 2023 2:37 AM IST
കോഴിക്കോട്: 2025ഓടെ കേരളത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുളള അവസാന ഘട്ട പ്രവർത്തനത്തിലാണ് സർക്കാരെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. തിരുവമ്പാടി മണ്ഡലതല നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ഉദാഹരണങ്ങൾ കൊവിഡ് കാലത്ത് ജനങ്ങൾ നേരിട്ടനുഭവിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല.
64,000 അതിദരിദ്ര കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്. അവരെ ഉയർത്തിക്കൊണ്ടുവരുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിലാണ് സംസ്ഥാനത്ത് ഭവന പദ്ധതികൾ നടപ്പാക്കുന്നത്.
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചികയിൽ കേരളത്തിനുണ്ടായ മുന്നേറ്റം സർക്കാർ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമാണ്. ഭൂമിയും വീടും തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായങ്ങളുമെല്ലാം സർക്കാർ ഉറപ്പാക്കിയതോടെ അതിദരിദ്രരുടെ എണ്ണം കുറക്കാനായി സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.