ഷട്ടറില്ല, റെഗുലേറ്റർ കം ബ്രിഡ്ജ് നോക്കുകുത്തി
1339312
Saturday, September 30, 2023 12:40 AM IST
മുക്കം: ഷട്ടർ നിർമിക്കാൻ നടപടിയില്ലാത്തതിനാൽ കാരമൂല തോട്ടക്കടവിൽ ചെറുപുഴയിൽ നിർമിച്ച റെഗുലേറ്റർ ഉപയോഗശൂന്യമായി കിടക്കുന്നു. പദ്ധതി കാൽ നൂറ്റാണ്ടായി പ്രയോജനപ്പെട്ടിട്ടില്ല.
കൂടരഞ്ഞി പഞ്ചായത്തിലെ 13ാം വാർഡിൽപെട്ട കൽപ്പൂര്, കൊട്ടാരപ്പറ്റ, പട്ടോത്ത്, കോവിലകത്തുംകടവ്, കാരശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽപെട്ട കാരമൂല, തോട്ടക്കടവ്, കൽപ്പൂര്, ആറാം ബ്ലോക്ക്, മാങ്കുന്ന് ഭാഗങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള സ്രോതസാണ് ചെറുപുഴ.
കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണിതെല്ലാം. മാത്രമല്ല, മഴക്കാലത്തും വെള്ളം ലഭിക്കാത്തതിനാൽ കുടിവെള്ള വിതരണത്തെ മാത്രം ആശ്രയിക്കുന്ന താളിപ്പറമ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളുമുണ്ട്.
ഷട്ടറിട്ട് വെള്ളം സംഭരിച്ചു നിർത്തി കുടിവെള്ള പദ്ധതികളുടെ കിണറുകൾ വറ്റാതെ നിലനിർത്തുകയും പുഴയോര ഗ്രാമങ്ങളിലെ കിണറുകളിലും കുളങ്ങളിലുമെല്ലാം ജലലഭ്യത വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം.
കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലൂടെ ഒഴുകി മുക്കം കടവിൽ ഇരുവഞ്ഞിപ്പുഴയിൽ സംഗമിക്കുന്നതാണ് ചെറുപുഴ. അടുത്ത കാലത്ത് മഴയുടെ ലഭ്യത വളരെക്കുറയുകയും ചെയ്തതോടെ പദ്ധതി പ്രദേശത്തെ വരൾച്ചാ ഭീഷണി ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുമുണ്ട്.
പദ്ധതിക്ക് ഷട്ടർ നിർമിച്ച് ജല സംരക്ഷണം ഉറപ്പുവരുത്തണം എന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം എന്ന് സഫലമാകുമെന്നു മാത്രം അറിയില്ല.2010 ൽ റെഗുലേറ്റർ കം ബ്രിഡ്ജിന് ഷട്ടർ നിർമിക്കണമെന്ന ആവശ്യവുമായി കാരശേരി പഞ്ചായത്ത് ചെറുകിട ജലസേചന വകുപ്പ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് പറഞ്ഞു.
ആദ്യകാലത്ത് മരം കൊണ്ടുള്ള പലക ഉപയോഗിച്ച് ഷട്ടർ ഉണ്ടാക്കി ജലസംഭരണം നടത്തി നോക്കിയിരുന്നു. ഇത് വർഷകാലത്തെ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയി. തുടർന്ന് വർഷങ്ങളായി നാട്ടുകാർ ചാക്കിൽ മണലോ, മണ്ണോ നിറച്ച് താത്കാലിക തടയണ നിർമിച്ചാണ് ഇതിനൊരു പരിഹാരം കണ്ടത്.
എന്നാൽ പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തി കെട്ടാത്തതിനാൽ ഈ താത്കാലിക തടയണ നിർമാണം മഴക്കാലത്ത് വശങ്ങളിലേക്കുള്ള വെള്ളത്തിന്റെ തള്ളൽ മൂലം കരയിടിച്ചിലും, കൃഷി നാശവും ഉണ്ടാവുന്നതായി സമീപത്തുള്ള കർഷകർ പറയുന്നു.
ഇവർ താത്കാലിക തടയണ നിർമിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാൽ ബ്രിഡ്ജിൽ ഷട്ടർ നിർമിച്ചാൽ ആവശ്യമുള്ളപ്പോൾ താഴ്ത്തി ഇടാനും ഉയർത്തി വയ്ക്കാനും കഴിയുമെന്നതിനാൽ കരയിടിച്ചിൽ ഒഴിവാക്കാനാകും.