മാലിന്യമുക്തം നവകേരളത്തിനായി അക്ഷര സേന
1339140
Friday, September 29, 2023 1:16 AM IST
കോഴിക്കോട്: ജില്ലയെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി അക്ഷരസേനയും.
ജില്ലാ ശുചിത്വ മിഷന്റെ നിർദേശശപ്രകാരം ജില്ലാ ലൈബ്രറി കൗൺസിൽ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി തലത്തിൽ രൂപീകരിച്ച സന്നദ്ധ പ്രവർത്തന സംഘമാണ് അക്ഷര സേന.
ആദ്യ ഘട്ടമായി ഒക്ടോബർ ഒന്നിന് ലൈബ്രറികളും, പരിസരവും ശുചീകരിക്കും. തുടർന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലും. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ നടക്കുന്ന തീവ്രശുചീകരണ പ്രവർത്തനങ്ങളിൽ മുഴുവൻ ഗ്രന്ഥശാലകളും പങ്കെടുക്കും.
ലൈബ്രറികൾ പ്രവർത്തിക്കുന്ന വാർഡുകൾ ദത്തെടുത്ത് വിവിധ സംഘടനകളുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.