കടുവ സഫാരി പാർക്ക്: പ്രതിഷേധം തുടരുന്നു
1337962
Sunday, September 24, 2023 12:56 AM IST
ചക്കിട്ടപാറ: മലബാർ വന്യജീവി സങ്കേതത്തിന്റെ പേരിൽ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്, ചെമ്പനോട പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂമി കൈവശമാക്കിക്കൊണ്ട് ടൈഗർ സഫാരി പാർക്ക് തുടങ്ങുവാനുള്ള വനം വകുപ്പിന്റെ ഗൂഢനീക്കത്തിനെതിരേ കേരള കർഷക അതിജീവന സംയുകത സമിതി (കാസ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 4.30ന് ചെമ്പനോട സെന്റ് ജോസഫ് പാരീഷ് ഹാളിൽ ജനകീയ കൺവൻഷൻ ചേരുമെന്ന് ഭാരവാഹികൾ അറയിച്ചു.
കർഷകരുടെയും സാധാരണക്കാരായവരുടെയും ജീവിതവും ഉപജീവനവും കാർഷിക വൃത്തിയും തകർക്കാനുള്ള നീക്കത്തെ കർഷക സമൂഹത്തെ അണിനിരത്തിക്കൊണ്ട് ചെറുത്ത് തോൽപ്പിക്കുമെന്നും സർക്കാരും വനംവകുപ്പും ഈ പദ്ധതി ഉപേക്ഷിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി.
വന്യമൃഗങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ കടുവ ഇല്ലാത്ത പ്രദേശത്ത് ടൈഗർ സഫാരി പാർക്കുകൾ സ്ഥാപിച്ച് കർഷകന്റെ കൃഷിഭൂമി പിടിച്ചെടുത്തും നിസാര വില നൽകികൊണ്ട് ഭൂമി വനംവകുപ്പിന്റെ അധീനതയിലാക്കിക്കൊണ്ടുള്ള ഇക്കോ ടൂറിസത്തിന്റെ മറവിലുള്ള ഈ പദ്ധതിയുടെ പിന്നാമ്പുറം അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും യോഗം അഭിപ്രായപ്പെട്ടു.
മോൺ. ജോയ്സ് വയലിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ബോണി ജേക്കബ് ആനത്താനം, ട്രഷറർ വി.ടി. തോമസ്, സംസ്ഥാന ഭാരവാഹികളായ ഡോ. ചാക്കോ കാളംപറമ്പിൽ, ജോയി കണ്ണഞ്ചിറ, സുമിൻ എസ്. നെടുങ്ങാടൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു പുതുപ്പറമ്പിൽ, മാർഗരറ്റ് തേവടിയിൽ, സലിം പുല്ലടി, ജോൺസൺ കക്കയം, ബാബു പൈകയിൽ എന്നിവർ പ്രസംഗിച്ചു.