വലിയ പാലം നിർമാണം പുരോഗമിക്കുന്നു
1337958
Sunday, September 24, 2023 12:56 AM IST
കോഴിക്കോട്: പുതിയപാലത്തെ വലിയ പാലം നിർമാണം പുരോഗമിക്കുന്നു. ഒന്നര മാസം പിന്നിടുമ്പോഴേക്കും 18 പൈലുകളായി. മൊത്തം 36 പൈലുകളുണ്ട്. പൈലിങ് പ്രവൃത്തി രണ്ട് മാസത്തിനകം പൂർത്തിയാവും. നാല് പൈൽ വീതം ബന്ധിപ്പിച്ച് മുകളിൽ ചെയ്യുന്ന പൈൽ ക്യാപ്, അതിന് മുകളിൽ തൂണുകൾ എന്നിവയാണ് തുടർന്നുള്ള പ്രവൃത്തി. തുടർന്ന് ബീം, സ്ലാബ് എന്നിവ നിർമിക്കും. ഒന്നര വർഷത്തിനകം പണി പൂർത്തിയാകും.
കേരള റോഡ് ഫണ്ട് ബോർഡ്(കെആർഎഫ്ബി) ചുമതലയിലാണ് നിർമാണം. കനാലിനുകുറുകെ ആർച്ച് മാതൃകയിൽ 196 മീറ്റർ നീളത്തിലാണ് പുതിയ പാലം. ഇരുചക്ര വാഹനയാത്രപോലും ബുദ്ധിമുട്ടായിരുന്ന ഇവിടെ മറ്റ് വാഹനങ്ങൾക്കും പോകാവുന്ന പാലമാണ് വരുന്നത്. 16.53 കോടിയാണ് വകയിരുത്തിയത്. പിഎംആർ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം. തൊട്ടരികിൽ നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണിപ്പോൾ കാൽനടയാത്ര.
വലിയ പാലം വരുന്നതോടെ മിനി ബൈപാസിൽനിന്ന് റെയിൽവേ സ്റ്റേഷൻ, തളി, കല്ലായി റോഡ് ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനാവും. നഗരത്തിലെ ഗതാഗതത്തിരക്കിനും ചെറിയ ആശ്വാസമുണ്ടാവും. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ 40.97 കോടി രൂപയാണ് പാലത്തിന് നീക്കിവച്ചത്. കിഫ്ബി വഴിയാണ് ഫണ്ട്. വലിയ പാലമെന്ന ആവശ്യത്തിന് നാലുപതിറ്റാണ്ട് പഴക്കമുണ്ട്.