പെരുവണ്ണാമൂഴിയിൽ കർഷകരെ പൊറുതി മുട്ടിച്ച് കാട്ടാനകൾ
1337651
Saturday, September 23, 2023 12:38 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ കർഷകരുടെ ഉറക്കം കെടുത്തിയും ജീവിതം പൊറുതിമുട്ടിച്ചും ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം വരുത്തി.
ചക്കിട്ടപാറ പഞ്ചായത്ത് ഏഴാം വാർഡ് വട്ടക്കയം മേഖലയിലെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ തുടർച്ചയായി ഇറങ്ങി കൃഷി നാശം വിതക്കുന്നത്. വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ ഫെൻസിംഗ് പ്രവർത്തന രഹിതമാണ്. സമീപത്തെ പുഴ കടന്നാണ് കാട്ടാനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നത്.
കഴിഞ്ഞ ദിവസം കർഷകൻ തച്ചിലേടത്ത് ബിജുവിന്റെ കമുക്, വാഴ എന്നിവ തകർത്തു. ആഴ്ചകൾക്ക് മുമ്പും നിരവധി തവണ കർഷകന്റെ കൃഷി നശിപ്പിച്ചിരുന്നു.
സമീപത്തെ നിരവധി കർഷകരും കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, മാൻ, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം നിമിത്തം ദുരിതമനുഭവിക്കുകയാണ്. രാത്രിയിൽ കാട്ടാനകൾ ഇറങ്ങിയാൽ കർഷകർ ആനയെ തുരത്താൻ ശ്രമിക്കുമെങ്കിലും ഫലമില്ല. വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാൽ നിരുത്തരവാദപരമായാണ് പ്രതികരിക്കുന്നതെന്നും കർഷകർ പറയുന്നു.
തകർന്നു കിടക്കുന്ന സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി പോലും നടത്താറില്ലെന്നും ഇതിനാവശ്യമായ ഫണ്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
തുടരെയുള്ള വന്യമൃഗശല്യം മൂലം ജീവിക്കാൻ കഴിയാതെ കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷക നേതാവ് ജോർജ് കുബ്ലാനി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കർഷകരെ അണിനിരത്തി വൻ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.