കോടഞ്ചേരി: നിപ ബാധയെ തുടർന്ന് സ്കൂളുകൾ അവധി ആയതിനാൽ ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമാകാത്ത കോടഞ്ചേരി പഞ്ചായത്തിലെ വിവിധ പട്ടികവർഗ കോളനികൾക്കായി എട്ട് ഗോത്രവെളിച്ചം പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാൻ കോടഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
വട്ടച്ചിറ സാംസ്കാരിക നിലയം, കരിമ്പിൽ കോളനി, പാത്തിപ്പാറ സാംസ്കാരിക നിലയം, അംബേദ്കർ സാംസ്കാരിക നിലയം, വെണ്ടക്കുംപോയിൽ സാംസ്കാരിക നിലയം, പൂവത്തിഞ്ചോട് കോളനി, തെയ്യപ്പാറ സാംസ്കാരിക നിലയം, പാലക്കൽ വുമൺ ഫെസിലിറ്റേഷൻ സെന്റർ എന്നീ എട്ടു കേന്ദ്രങ്ങളിലായാണ് ഗോത്രവെളിച്ചം പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചത്.
യോഗത്തിൽ വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ബിപിസി മെഹറലി, പഞ്ചായത്ത് മെമ്പർമാരായ സിസിലി ജേക്കബ് കോട്ടപ്പള്ളി, സൂസൻ വർഗീസ്, വനജാ വിജയൻ, ജമീല അസീസ്, ഷാജു വെട്ടിക്കാമലയിൽ, റോസിലി മാത്യു, ലിസി ചാക്കോ എന്നിവർ സംബന്ധിച്ചു. ഗോത്ര വെളിച്ചം പഠനകേന്ദ്രങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിക്കും.