മാലിന്യ സംഭരണ വാഹനം നാട്ടുകാരെ ശ്വാസം മുട്ടിക്കുന്നുവെന്ന് ആക്ഷേപം
1300922
Thursday, June 8, 2023 12:11 AM IST
കൂരാച്ചുണ്ട്: കോഴി അടക്കമുള്ള അറവ് മാലിന്യങ്ങൾ ശേഖരിക്കാൻ കൂരാച്ചുണ്ട് ടൗണിൽ എത്തുന്ന വാഹനം ദുർഗന്ധം പരത്തിക്കൊണ്ട് നാട്ടുകാരെ ശ്വാസം മുട്ടിക്കുന്നതായി പരാതി.
മാസങ്ങളായി ദുർഗന്ധം മൂലം ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരാണ് മൂക്ക് പൊത്തി ശ്വാസം മുട്ടേണ്ടി വരുന്നത്. ദിവസം തോറും മാലിന്യം ശേഖരിക്കാനായി വാഹനമെത്തുന്നത് പകൽ സമയമായതിനാൽ ടൗണിലെ വ്യാപാരികൾ, ടാക്സി വാഹന ജീവനക്കാർ അടക്കമുള്ള യാത്രക്കാർ ദുരിതത്തിലാകുന്നുവെന്നാണ് പരാതി ഉയരുന്നത്. ജനസഞ്ചാരം കുറഞ്ഞ പുലർച്ചെയോ വൈകുന്നേരങ്ങളിലോ ഇതിനായി സമയം ക്രമീകരിക്കാൻ അധികൃതർ തയാറായി ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നും ദുർഗന്ധം വമിക്കാത്ത രീതിയിലുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.