പണം വെച്ചുള്ള ചീട്ടുകളി കേന്ദ്രത്തിൽ പോലീസ് റെയ്ഡ്
1300920
Thursday, June 8, 2023 12:11 AM IST
മുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ പണം വച്ചുള്ള ചീട്ടു കളി വ്യാപകം. തോട്ടുമുക്കം, പഴം പറമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വ്യാപകമായി ലക്ഷങ്ങൾ വച്ചുള്ള ചീട്ടുകളി നടക്കുന്നത്.
പോലീസിന് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളാണ് ചീട്ടുകളിക്കായി തെരഞ്ഞെടുക്കുന്നത്. മുക്കം ഇൻസ്പെക്ടർ സുമിത് കുമാർ, എസ്ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിൽ തോട്ടുമുക്കം പുതിയ നിടത്ത് നടത്തിയ റെയ്ഡിൽ ആറ് പേർ പിടിയിലായി. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ചൂലൂർ സ്വദേശികളായ സഞ്ജയ്, സുനിൽ കുമാർ, അരീക്കോട് സ്വദേശി ഷമീർ, അരീക്കോട് വാക്കാലൂർ സ്വദേശി സൈഫുദ്ധീൻ, വണ്ടൂർ സ്വദേശികളായ അബ്ദുൽ അസീസ്, നൗഷാദലി എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവ സ്ഥലത്ത് നിന്ന് 11,000 രൂപയും അഞ്ച് ബൈക്കുകൾ മൂന്ന് കാറുകൾ ഉൾപ്പെടെ നിരവധി സാധനങ്ങളും പോലീസ് പിടികൂടി. ഗർഭ നിരോധന ഉറകൾ ചീട്ട് കളിക്കാൻ ഉപയോഗിക്കുന്ന ടെൻഡ് എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു പോലീസ് പരിശോധന.