നഗരത്തെ വെള്ളത്തിൽ മുക്കി
1300918
Thursday, June 8, 2023 12:11 AM IST
കോഴിക്കോട്: അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രമായതോടെ നഗരത്തിൽ ശക്തമായ മഴ.
ഇന്നലെ ഉച്ചയോടെ മൂടിക്കെട്ടിയ അന്തരീക്ഷം വൈകുന്നേരമായതോടെ പെരുംമഴയായി മാറുകയായിരുന്നു. സന്ധ്യയോടെ മഴ കനത്തപ്പോൾ നഗരത്തിന്റെ പ്രധാന വീഥികൾ പലതും വെള്ളക്കെട്ടിലമർന്നു. പൊതുവെ ചെറിയ മഴയിൽ തന്നെ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന കോഴിക്കോട് നഗരത്തിലെ റോഡുകൾ തീവ്രമഴയിൽ പൂർണമായും മുങ്ങി.
മാവൂർ റോഡിലും മിഠായിത്തെരുവിലുമാണ് പ്രധാനമായും വെള്ളക്കെട്ട് കൂടുതലായി അനുഭവപ്പെട്ടത്. വൈക്കം മുഹമ്മദ് ബഷീർ റോഡ് മുതൽ മുതലക്കുളം വരെയുള്ള സ്ഥലങ്ങളിൽ പലയിടത്തും വെള്ളം കയറി.
കെഎസ്ആർടിസി ബസ് ടെർമിനൽ മുതൽ അരയിടത്ത്പാലം ജംഗ്ഷൻ വരെയുള്ള അരക്കിലോമീറ്റർ ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമായി. സാധാരണ ദിവസങ്ങളിൽ പോലും ഗതാഗത പ്രശ്നം രൂക്ഷമായ മാവൂർ റോഡിൽ ഇതോടെ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
കൂടാതെ എൽഐസി, പാളയം, റെയിൽവേ സ്റ്റേഷൻ റോഡ്, കോർട്ട് റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. മിഠായിത്തെരുവിലെ ഓവുചാൽ നവീകണം പൂർത്തിയാവാത്ത സാഹചര്യത്തിൽ മഴ പെയ്തതോടെ മിഠായിത്തെരുവ് പൂർണ്ണമായും വെള്ളത്തിലായി. ഇവിടെ ഓടകൾ അടഞ്ഞുകിടക്കുന്നതിനാലാണ് മിഠായിത്തെരുവ് വെള്ളത്തിനടിയിലായതെന്ന് വ്യാപാരികൾ പരാതി പറഞ്ഞു.
മഴയ്ക്ക് മുന്പ് ഓട നവീകരണം പൂർത്തിയാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നിരുന്നില്ല. മിഠായിത്തെരുവ് വെള്ളത്തിൽ മുങ്ങിയതോടെ നഗരത്തിന്റെ പ്രധാന വ്യാപാര കേന്ദ്രത്തിൽ നിന്ന് വൈകുന്നേരം തന്നെ ജനങ്ങൾ സ്വന്തം വീടുകളിലേക്ക് നീങ്ങി.
നഗരത്തിലെ മറ്റിടങ്ങളായ നടക്കാവ്, അശോകപുരം, കല്ലുത്താൻകടവ് എന്നിവടങ്ങളിലും മഴയെ തുടർന്നുള്ള വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. അതേസമയം അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശനിയും ഞായറും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.