കാട്ടാന ഭീഷണി; കക്കയം നിവാസികളെ രക്ഷിക്കണമെന്ന്
1300478
Tuesday, June 6, 2023 12:28 AM IST
കൂരാച്ചുണ്ട്: കക്കയത്തെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയും ജീവനുപോലും ഭീക്ഷണിയാകുന്നത് പതിവ് സംഭവവുമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗ ഭീക്ഷണിയിൽ നിന്നും കക്കയം നിവാസികളെ രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വനത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫെൻസിംഗ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ഇതിന് കാരണം. കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകിയും വന്യമൃഗങ്ങളിൽ നിന്നും സുരക്ഷ നൽകിയും വനം വകുപ്പ് ഇടപെടൽ നടത്തണം. കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തിയോടിക്കാൻ വനം വകുപ്പ് സന്നദ്ധമാകണം. വനത്തിനുള്ളിൽ തന്നെ ഇവക്ക് ആവശ്യമായ ഫലവർഗങ്ങൾ ലഭ്യമാകാത്തതാണ് നാട്ടിലേക്കിറങ്ങുന്നതിന് കാരണം. മനുഷ്യനും വന്യജീവിയും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ വന നയത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കാട്ടാന നാശം വിതച്ച കൃഷിയിടങ്ങൾ കർഷക സംഘം നേതാക്കൾ സന്ദർശിച്ചു. ജോസ് ചെരിയൻ ,അഡ്വ: പി.എം. തോമസ്, എൻ.കെ. കുഞ്ഞമ്മദ്, സണ്ണി കൊല്ലംമാട്ടേൽ, മുജീബ് കക്കയം എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത് .